ഭൂമി കൈയേറ്റം; മാത്യു കുഴൽനാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു; ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്
തൊടുപുഴ: ചിന്നക്കനാലിൽ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ആധാരത്തിനേക്കാൾ 50 സെന്റ് സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഹിയറിങ്ങിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കുഴൽനാടന് നോട്ടീസ് നൽകിയിട്ടുണ്ട്.
ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്‍റോളം സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഈ കണ്ടെത്തല്‍ ശരിവെച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാർ ഇടുക്കി ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകി. മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടുമാണ് റിപ്പോര്‍ട്ട് നൽകിയത്.
മൂന്ന് ആധാരങ്ങളിലായി ഒരു ഏക്കര്‍ 21 സെന്‍റ് സ്ഥലം വാങ്ങിയെന്നായിരുന്നു കുഴല്‍നാടന്‍റെ മൊഴി. എന്നാല്‍, വില്ലേജ് സർവേയര്‍ സ്ഥലം അളന്ന ഘട്ടത്തില്‍ പട്ടയത്തിലുള്ളതിനെക്കാള്‍ സര്‍ക്കാര്‍ വക 50 സെന്‍റ് അധിക ഭൂമി കുഴല്‍നാടന്‍റെ പക്കലുള്ളതായാണ് കണ്ടെത്തല്‍. ചിന്നക്കനാലിലെ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തുടര്‍നടപടി ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ആവശ്യപ്പെട്ടത്.
advertisement
മുമ്പ് വിജിലന്‍സ് വിഭാഗം ഉടുമ്പന്‍ചോല ലാൻഡ് റവന്യൂ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഴല്‍നാടൻ 50 സെന്‍റ് പുറമ്പോക്ക് ഭൂമി കൈയേറി മതില്‍ നിർമിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്‍റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
ലാൻഡ് റവന്യു തഹസിൽദാർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ജില്ല കലക്ടർ അനുമതി നൽകി. പ്രാഥമിക നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോർട്ട് വാങ്ങും. ഇതിന് ശേഷമാകും കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി ആരംഭിക്കുക.
advertisement
2022ലാണ് മാത്യു കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്. ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ല കമ്മിറ്റി രംഗത്തെത്തിയിരുന്നു. 4000 ചതുരശ്രഅടി ഉള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്‍റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.
കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങൾക്കും ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങൾക്കും നിർമിച്ചു എന്നായിരുന്നു രേഖകൾ. ഇതിൽ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങൾ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴൽനാടനെതിരെയുള്ള ആരോപണം. തുടർന്ന് റിസോർട്ടിന്‍റെ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകൾ സുതാര്യമാക്കിയതിനെ തുടർന്ന് ലൈസൻസ് പുതുക്കി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thodupuzha,Idukki,Kerala
First Published :
January 29, 2024 10:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭൂമി കൈയേറ്റം; മാത്യു കുഴൽനാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു; ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്