ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്; ഐഎംഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
- Published by:Asha Sulfiker
- news18-malayalam
Last Updated:
വീഴ്ചയുണ്ടെന്ന് തോന്നിയാൽ സർക്കാരിനെ അറിയിക്കുകയാണ് വേണ്ടത്. മറ്റെന്തെങ്കിലും മനസിൽ വച്ചാണ് പ്രതികരണമെങ്കിൽ അത് കേരളത്തിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമർശിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ (IMA) രൂക്ഷമായി തിരിച്ചടിച്ച് മുഖ്യമന്ത്രി. പുഴുവരിച്ച മനസ് ഉള്ളവർക്കെ കേരളത്തിന്റെ ആരോഗ്യമേഖല പുഴുവരിച്ചു എന്ന് പറയാനാകു എന്നും വിദഗ്ധ അഭിപ്രായം തേടിയാണ് കേരളം പ്രവർത്തിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഐഎംഎയുടെ എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകി.
കേരളത്തില്‍ ഇതേവരെ സ്വീകരിച്ച എല്ലാ നടപടികളും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശം കൂടി മാനിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വയമേ വിദഗ്ധരാണെന്ന് ധരിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാരെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇങ്ങനെയൊരു വിദഗ്ധനെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണ്.
advertisement
Also Read- News18 Big Breaking| ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണ
ആവശ്യമായ കരുതല്‍ ഉണ്ടോയെന്ന് ചോദിക്കുന്നുണ്ട്. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിലൊട്ടും സംശയിക്കേണ്ട. വിദഗ്ധരാണെന്ന് പറയുന്നവര്‍ നാടിനെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളല്ല പറയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെന്തെങ്കിലും വീഴ്ചയുണ്ടെന്ന് അവര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. എല്ലാഘട്ടത്തിലും ഇത്തരത്തിലുള്ള എല്ലാവരുമായും ബന്ധപ്പെടുകയും പരസ്പരം ആശയങ്ങള്‍ കൈമാറുകയും നല്ല ആശയങ്ങള്‍ സ്വീകരിക്കുന്നതിനും ഒരു കാലത്തും, കഴിഞ്ഞ എട്ടൊമ്പത് മാസം പ്രത്യേകിച്ചും സര്‍ക്കാര്‍ ഒരു വിമുഖതയും കാണിച്ചിട്ടില്ല.
advertisement
ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍, എന്തോ സര്‍ക്കാരിന്റെ ഭാഗത്ത് വല്ലാത്ത വീഴ്ച പറ്റിയോയെന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകേണ്ടെന്ന് കരുതിയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്. ആ പ്രസ്താവന ഇറക്കിയവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടങ്കില്‍ അങ്ങനെ പറഞ്ഞോളൂ. പക്ഷെ ഞങ്ങള്‍ ആരോഗ്യ വിദഗ്ധരാണെന്ന് പറഞ്ഞ് ആരോഗ്യ രംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നല്ല കാര്യമല്ല. നല്ല പുറപ്പാടുമല്ല. മറ്റെന്തെങ്കിലും മനസില്‍ വച്ചുകൊണ്ടുള്ള പുറപ്പാടാണെങ്കില്‍ അതൊന്നും കേരളത്തില്‍ ഏശില്ല.
advertisement
നല്ല ആശയങ്ങൾ ആര് നൽകിയാലും സ്വീകരിക്കാൻ ഒരു മടിയും കാണിച്ചിട്ടില്ല. കരുതലോടെ തന്നെയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. വീഴ്ചയുണ്ടെന്ന് തോന്നിയാൽ സർക്കാരിനെ അറിയിക്കുകയാണ് വേണ്ടത്. മറ്റെന്തെങ്കിലും മനസിൽ വച്ചാണ് പ്രതികരണമെങ്കിൽ അത് കേരളത്തിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെ കഴിഞ്ഞ ദിവസം ഐഎംഎ രംഗത്തെത്തിയിരുന്നു.രാഷ്ട്രീയ ലക്ഷ്യത്തോടെ ഉദ്യോഗസ്ഥ ഭരണമാണ് കോവിഡ് പ്രതിരോധത്തിൽ നടക്കുന്നത്. ആരോഗ്യവകുപ്പിനെ പുഴുവരിക്കുന്നു, ആരോഗ്യരംഗത്തെ വിദഗ്ധരെ മൂലയ്ക്കിരുത്തുന്നു എന്നുമായിരുന്നു ഐഎംഎ യുടെ വിമർശനം.
അതേസമയം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായ് ഐഎംഎ അറിയിച്ചു. കേരളത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നത് പരിഹരിച്ച് മുന്നോട്ട് പോകാനാണ്. സർക്കാരിനെയോ, ആരോഗ്യ വകുപ്പിനെയോ മോശമായി ചിത്രീകരിക്കാനല്ലന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എബ്രഹാം വർഗ്ഗീസ് പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2020 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്; ഐഎംഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി