തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത് കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും കസ്റ്റംസ് വാഹനത്തിലാണ്. വൈകിട്ട് ആറു മണിയോടെയാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ട്. കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാമമൂര്‍ത്തി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ കസ്റ്റംസ് വാഹനത്തിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് പ്രഥാമിക വിവരം. ഇതേ വാഹനത്തിൽ തന്നെയാണ് ശിവശങ്കറെ ആശുപത്രിയിൽ എത്തിച്ചത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കസ്റ്റംസ് പുതിയൊരു കേസ് രജസിറ്റർ ചെയ്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നതായും വിവരമുണ്ട്. അതേസമയം ശിവശങ്കറിൻരെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയോ എന്ന സംശയവും ശക്തമാണ്.