'മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹത്തിൽ ആശങ്ക; പാർട്ടി മാത്രം അറിഞ്ഞാൽ മതിയോ?'; കോടഞ്ചേരി വിഷയത്തിൽ 'ദീപിക'
- Published by:Rajesh V
- news18-malayalam
Last Updated:
'പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ?'
കോഴിക്കോട് കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് എം.എസ്. ഷെജിനും തെയ്യപ്പാറ ജോയ്സ്നയും തമ്മിൽ ഉള്ള വിവാഹം ഏറെ വിവാദങ്ങൾക്കാണിടവച്ചത്. വിവാഹം ലൗ ജിഹാദ് ആണ് എന്ന് ആരോപണം ഉയർന്നിരുന്നു. കത്തോലിക്കാ സഭ പ്രതിഷേധമാർച്ച് അടക്കം പ്രാദേശികമായി നടത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാവ് ആയതിനാൽ സിപിഎമ്മും വിവാദത്തിന്റെ ഒരുഭാഗത്ത് ഉണ്ടായിരുന്നു. ഈ വിവാഹം ലൗജിഹാദ് ആണ് എന്ന് സംശയം പ്രകടിപ്പിച്ചു മുൻ തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് രംഗത്ത് വന്നത് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് അദ്ദേഹം നിലപാട് തിരുത്തി. ഈ വിഷയത്തിൽ ആണ് കത്തോലിക്കാ സഭയുടെ ദിനപ്പത്രമായ ദീപിക ഇപ്പോൾ മുഖപ്രസംഗം എഴുതിയത്. ദീപിക മുഖപ്രസംഗത്തിലെ പരാമർശങ്ങൾ ഇങ്ങനെയാണ്.
"പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്നു പറഞ്ഞ് ചിലർ മതസൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സിപിഎം ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതേസമയം, ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ?'' എന്ന് ദീപിക മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
സൗദിയിൽനിന്ന് നാട്ടിലെത്തിയ ജോയ്സ്നയെ കാണാതായ സംഭവം അടക്കം ദീപിക വിശദീകരിക്കുന്നുണ്ട്. '' താമരശേരിക്കു പോയ ജോയ്സ്നയെ കാണാതായതിനെ തുടർന്നു വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അനുജത്തി, ജോയ്സ്നയുടെ സുഹൃത്തിനെ വിളിച്ചപ്പോഴാണ് ചേച്ചി ഇന്നു വരില്ല എന്നു സുഹൃത്ത് പറഞ്ഞത്. ചേച്ചിക്കു ഫോൺ കൊടുക്കാൻ നിർബന്ധിച്ചപ്പോൾ “ഇവർ എന്നെ പിടിച്ചുവച്ചിരിക്കുകയാണ് വിടുന്നില്ല” എന്നു ജോയ്സ്ന പറഞ്ഞു' എന്ന് ദീപിക പറയുന്നു.
advertisement
ഈ വിഷയത്തിൽ സിപിഎം നിലപാട് രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ദീപിക ദിനപത്രം രംഗത്ത് വന്നത്. '' പാർട്ടി ഇടപെട്ടു തിരുത്തുന്നതിനുമുന്പ് സിപിഎം നേതാവ് ജോർജ് എം. തോമസ് പറഞ്ഞത്, ഷെജിൻ കാണിച്ചത് ശരിയായില്ലെന്നും അങ്ങനെയൊരു പ്രണയമുണ്ടെങ്കിൽ, അങ്ങനെ മിശ്രവിവാഹം കഴിക്കണമെന്നുണ്ടെങ്കിൽ അതു പാർട്ടിയെ അറിയിച്ച്, പാർട്ടിയുമായി ആലോചിച്ച്, പാർട്ടി സഖാക്കളുടെ നിർദേശം സ്വീകരിച്ചു തീരുമാനമെടുക്കേണ്ടതായിരുന്നു എന്നാണ്. പാർട്ടിയെ അറിയിക്കാതെ അടുത്ത സഖാക്കളോടുപോലും പറയാതെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതത്രേ. അതു കൊള്ളാം. ഇത്തരമൊരു തീരുമാനമെടുക്കുംമുൻപ് ഷെജിൻ അതു പാർട്ടിയോടും അടുത്ത സഖാക്കളോടും പറയണം. പക്ഷേ, പെൺകുട്ടിയെ ഇത്രകാലം സ്നേഹിച്ചു വളർത്തിയ മാതാപിതാക്കളോട് പെൺകുട്ടിയോ യുവാവോ ഒന്നും പറയേണ്ടതുമില്ല'.
advertisement
തീവ്രവാദം സംബന്ധിച്ച സിപിഎം രേഖകളും ദീപിക ചൂണ്ടിക്കട്ടുന്നു.'' പ്രഫഷണൽ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതരമതസ്ഥരായ പെൺകുട്ടികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന പാർട്ടി രേഖയെക്കുറിച്ചാണ്. നേതാവു പറഞ്ഞത് പുതിയ കാര്യമല്ല. പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യാൻ തയാറാക്കിയ ഇത്തരമൊരു രേഖയെക്കുറിച്ച് 2021 സെപ്റ്റംബറിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഒരു കാര്യം ഉറപ്പാണ്, ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഎമ്മിനുപോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ചു ഭയമുണ്ട്. പാർട്ടിക്കകത്തു ചർച്ച ചെയ്യണം, ഒരക്ഷരം പുറത്തു പറയരുത്. ഇതാണോ നയം?'' എന്നും ദീപിക ചോദിക്കുന്നു.
advertisement
കോടഞ്ചേരി വിവാഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ദീപിക. ''കോടഞ്ചേരിയിലേത് നിഷ്കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകൾ സംശയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വിവാഹ ഒരുക്കത്തിനിടെ തന്റെ പണം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ജോയ്സ്ന ഒരാളെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നത്? ആരാണ് അവിവാഹിതയായ ഒരു യുവതിയുടെ കൈയിൽനിന്നു പണം വാങ്ങിയിട്ടു തിരിച്ചുകൊടുക്കാതിരുന്ന നേതാവ്? അനുജത്തി ഫോണിൽ ബന്ധപ്പെട്ടപ്പോൾ “എന്നെ പിടിച്ചുവച്ചിരിക്കുകയാണ്, വിടുന്നില്ല” എന്നു ജോയ്സ്ന ഭയന്നു പറഞ്ഞതെന്തിനാണ്? പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത്? ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേർക്കാറുള്ളത്. അങ്ങനെയെന്തെങ്കിലുമാണോ തങ്ങളുടെ മകൾക്കും സംഭവിച്ചതെന്ന് അന്വേഷിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ?''- എന്നും ദീപിക ചോദിക്കുന്നു.
advertisement
മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ദീപിക സംശയം ഉയർത്തുന്നു. ''ക്രൈസ്തവർ ഉൾപ്പെട്ട മിക്ക വിവാദങ്ങളിലും കൃത്യമായി ഒരു പക്ഷത്ത് നിലയുറപ്പിക്കാറുള്ള കെ.ടി. ജലീൽ പറഞ്ഞത്, രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹതീരുമാനത്തെ അഖിലലോക പ്രശ്നമാക്കി അവതരിപ്പിക്കുന്ന ശൈലി പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല എന്നാണ്. എന്തുകൊണ്ടാണ് ആയിരക്കണക്കിനു മിശ്രവിവാഹങ്ങൾ നടക്കുന്ന കേരളത്തിൽ വിരലിലെണ്ണാവുന്ന ചിലതിനു മാത്രം കോലാഹലമെന്നത് ചിന്തിക്കേണ്ടത് ജലീലിനെപ്പോലെയുള്ളവരാണ്'' എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
advertisement
''മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുയർത്തുന്നത് ക്രൈസ്തവർ മാത്രമല്ല. ഹൈന്ദവ-ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളിൽപ്പെട്ട എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണിത്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകും. ജോയ്സ്നയുടെ വിഷയത്തിൽ സംശയങ്ങൾ പരിഹരിക്കുകയും ദുരൂഹതയുടെ മറ നീക്കുകയുമാണു ചെയ്യേണ്ടത്. അല്ലാതെ, ജോയ്സ്നയുടെ നിസഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്റെയോ മതസൗഹാർദത്തിന്റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല വേണ്ടത്''- എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 19, 2022 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹത്തിൽ ആശങ്ക; പാർട്ടി മാത്രം അറിഞ്ഞാൽ മതിയോ?'; കോടഞ്ചേരി വിഷയത്തിൽ 'ദീപിക'








