Local Body Elections 2020| കൂട്ടിലങ്ങാടിയിൽ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടി യുഡിഎഫ്; വെട്ടിലായി എൽഡിഎഫ്
- Published by:Naseeba TC
- news18-malayalam
Last Updated:
" ഇടത് പക്ഷവും ഞങ്ങളോട് ചർച്ചക്ക് വന്നിരുന്നു. പക്ഷേ ഞങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചത് യുഡിഎഫ് ആണ്. അതുകൊണ്ടാണ് അവരുടെ കൂടെ നിൽക്കാൻ തീരുമാനിച്ചത്."
മലപ്പുറം: വെൽഫെയർ പാർട്ടി യുഡിഎഫിന് ഒപ്പം സഹകരിക്കാൻ നിശ്ചയിച്ചതോടെ മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ സാഹചര്യങ്ങൾ മാറി മറയുക ആണ്. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ ആദ്യമായി പഞ്ചായത്ത് പിടിച്ച എൽഡിഎഫ് ആണ് മാറിയ സാഹചര്യത്തിൽ വെട്ടിലായത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ഇടതുപക്ഷം നേതൃത്വം നൽകിയ, വെൽഫെയർ പാർട്ടി കൂടി ഉൾപ്പെട്ട ജനകീയ വികസന മുന്നണി ആണ് ഭരണം പിടിച്ചത്.
19 സീറ്റിൽ യുഡിഎഫ് നേടിയത് 9 സീറ്റ് മാത്രം. ജനകീയ വികസന മുന്നണിയുടെ ബാനറിൽ മത്സരിച്ച ഇടത് പക്ഷം 10 സീറ്റുകളും നേടി. രണ്ടു സീറ്റുകളാണ് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികൾ ജനകീയ വികസന മുന്നണിയിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച നേടിയത്. പഞ്ചായത്തിൻറെ വൈസ് പ്രസിഡണ്ട് സ്ഥാനവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വെൽഫെയർ പാർട്ടിക്ക് ലഭിക്കുകയും ചെയ്തു.
ഇത്തവണ യുഡിഎഫിനൊപ്പം മത്സരിക്കുന്ന വെൽഫെയർ പാർട്ടി മത്സരിക്കുന്നത് മൂന്നു സീറ്റുകളിൽ. അവർ കഴിഞ്ഞ വർഷം ജയിച്ച പതിനഞ്ചാം വാർഡും പതിനേഴാം വാർഡും ഒപ്പം രണ്ടാം വാർഡും.
advertisement
" ഇടത് പക്ഷവും ഞങ്ങളോട് ചർച്ചക്ക് വന്നിരുന്നു. പക്ഷേ ഞങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചത് യുഡിഎഫ് ആണ്. അതുകൊണ്ടാണ് അവരുടെ കൂടെ നിൽക്കാൻ തീരുമാനിച്ചത്. ഞങ്ങൾ കഴിഞ്ഞ തവണ ജയിച്ച രണ്ട് സീറ്റിന് പുറമെ ഒരു സീറ്റിലും ഇത്തവണ മത്സരിക്കുന്നുണ്ട്. സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കാൻ ആണ് ഇപ്പോഴത്തെ തീരുമാനം. ഒരുപക്ഷേ ഒരു സീറ്റിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനും ശ്രമിക്കുന്നുണ്ട് ". വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ സലാം പറഞ്ഞു.
advertisement
വെൽഫെയർ പാർട്ടിയുടെ പിന്തുണ കിട്ടിയതോടെ ഭരണം തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് വിമർശിക്കാൻ എന്ത് അവകാശമാണുള്ളത് എന്നും ലീഗ് ചോദിക്കുന്നു.
" വെൽഫെയർ പാർട്ടിക്കാരെ വിശ്വസിക്കാം. അവർ കൂടെ ഉണ്ടെങ്കിൽ ഭരണം തിരിച്ച് പിടിക്കാൻ സാധിക്കും. ഇതിൽ വിമർശിക്കാൻ ഇടത് പക്ഷത്തിന് ഒരു അവകാശവും ഇല്ല. അവരുടെ കൂടെ നിൽക്കുമ്പോൾ സ്വർണക്കുട്ടി, ഞങ്ങളുടെ കൂടെ വരുമ്പോൾ അത് കാക്കക്കുട്ടി എന്ന തരത്തിൽ ആണ് ഇടത് പക്ഷം പെരുമാറുന്നത്. " മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലീഗ് നേതാവ് അഹമ്മദ് അഷ്റഫ് വിശദീകരിച്ചു.
advertisement
കഴിഞ്ഞതവണ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെപ്പറ്റി പറയാൻ പോലും മടിക്കുന്ന ഇടതുപക്ഷക്കാർ ആരു പോയാലും ഒരു പ്രശ്നവും ഇല്ല എന്ന നിലപാടിൽ ആണ് ഇപ്പോൾ. മറ്റ് എല്ലായിടത്തും വെൽഫെയർ പാർട്ടി ലീഗ് ബന്ധം വിമർശിച്ച് വോട്ട് തേടുന്ന ഇടതുപക്ഷത്തിന് പക്ഷേ കൂട്ടിലങ്ങാടി അങ്ങനെ സാധിക്കില്ല. അതിനുപകരം കഴിഞ്ഞ വർഷത്തെ ഭരണ നേട്ടങ്ങൾ ആണ് ഇടതുപക്ഷം ഇവിടെ മുഖ്യ പ്രചാരണ വിഷയം ആക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2020 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| കൂട്ടിലങ്ങാടിയിൽ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടി യുഡിഎഫ്; വെട്ടിലായി എൽഡിഎഫ്