സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കോടതിയുടെ നിർദേശപ്രകാരം ആലുവ സൈബർ പോലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതിയുടെ നിർദേശപ്രകാരം ആലുവ സൈബർ പോലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
നേരത്തെ എറണാകുളം സെഷൻസ് കോടതിയിൽ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശം നൽകുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആലുവ റൂറൽ സൈബർ സ്റ്റേഷനിൽ ഹാജരായ ഗോപാലകൃഷ്ണനെ ഒന്നരമണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. തനിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത് ഗോപാലകൃഷ്ണൻ ആയിരുന്നുവെന്ന് കെ ജെ ഷൈൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി.
കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ. യൂട്യൂബറായ കെ എം ഷാജഹാനാണ് രണ്ടാം പ്രതി. കേസിൽ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീട് കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയതും ഏറെ ചർച്ചയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഗോപാലകൃഷ്ണന്റെ ഫോൺ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഗോപാലകൃഷ്ണന്റെ പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെറ്റ നീക്കം ചെയ്തിരുന്നു. താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിനെ കുറിച്ചാണ് പോലീസ് ചോദിച്ചതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
advertisement
Summary: Congress leader C. K. Gopalakrishnan was arrested and released on bail in a complaint alleging defamation of CPM leader K. J. Shine. Gopalakrishnan, who appeared before the Aluva Cyber Police as per court instructions, was arrested after his statement was recorded, and subsequently released on station bail.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 16, 2025 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ


