തിരുവനന്തപുരം: രണ്ടു ടേം നിബന്ധന കര്‍ശനമാക്കി സി.പി.എം. സ്ഥാനാര്‍ഥി പട്ടിക. ഇപ്പോഴത്തെ ധാരണപ്രകാരം 84 സീറ്റുകളിലാകും സി.പി.എം. മത്സരിക്കുക. അഞ്ചു മന്ത്രിമാരേയും സ്പീക്കറേയും ഒഴിവാക്കിയ പട്ടികയില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.രാധാകൃഷ്ണ്‍, എം.വി. ഗോവിന്ദന്‍ എന്നിവരേയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലുപേരേയും ഉള്‍പ്പെടുത്തി. യുവാക്കള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കിയപ്പോള്‍ വനിതകളുടെ എണ്ണം കുറഞ്ഞു.
വിമര്‍ശനങ്ങളും പരാജയ ഭീതിയും വകവയ്ക്കാതെ രണ്ടും ടേം നിബന്ധന കര്‍ശനമായി പാലിക്കാനാണ് സി.പി.എം. തീരുമാനം. ഘടകവും ഗ്ലാമറും വിജയസാധ്യതയും നോക്കാതെ പ്രമുഖ നേതാക്കളെ ഒഴിവാക്കി. മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ.ബാലന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ക്ക് സീറ്റില്ല. സിറ്റിംഗ് എംഎല്‍എമാരില്‍ മുപ്പതോളം പേര്‍ക്കും വഴിമാറേണ്ടി വന്നു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ എം.വി.ഗോവിന്ദന്‍ തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. എന്നാല്‍ മുൻ സ്പീക്കര്‍ കൂടിയായ കെ. രാധാകൃഷ്ണന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. ഒരുതവണ മാത്രം എംഎല്‍എയായ യു.ആര്‍. പ്രദീപിനെ മാറ്റിയാണ് ചേലക്കരയിലേക്ക് വീണ്ടും രാധാകൃഷ്ണനെ കൊണ്ടുവരുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പാര്‍ട്ടി തീരുമാനം മറിച്ചായിരുന്നു.
തൃശൂര്‍ മുന്‍ മേയറും എ. വിജയരാഘവന്റെ ഭാര്യയുമായ ആര്‍. ബിന്ദു ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറും എ.കെ. ബാലന്റെ ഭാര്യയുമായ പി.കെ. ജമീലയാണ് തരൂരില്‍ സ്ഥാനാര്‍ഥി. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ്, ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം എം. വിജിന്‍, ജെയ്ക്ക് പി. തോമസ്, പാലക്കാട് ജില്ലാ പ്രസിഡന്റ് പി.പി. സുമോദ് തുടങ്ങി യുവജന-വിദ്യാര്‍ഥി നേതാക്കള്‍ക്ക് നിറയെ അവസരം.
സ്ഥാനാര്‍ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യം 12ല്‍ നിന്ന് 11 ആയി കുറഞ്ഞു. ഇതില്‍ ടി.എന്‍. സീമ സംസ്ഥാന സമിതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലുപേര്‍ക്ക് ഇളവു നല്‍കി. പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വി.എന്‍. വാസവന്‍ എന്നിവര്‍ക്കാണ് സീറ്റ് ലഭിച്ചത്. ഷൊര്‍ണൂരില്‍ പി.കെ. ശശിക്ക് സീറ്റില്ലാതായതും മലമ്പുഴയില്‍ വിഎസിന്റെ വിശ്വസ്തനായിരുന്ന പ്രഭാകരന് സീറ്റ് ലഭിച്ചതും ശ്രദ്ധേയമായി. അരുവിക്കരയിലേക്ക് ജില്ലാ നേതൃത്വം നിര്‍ദശേിച്ച വി.കെ. മധുവിനെ മാറ്റി കാട്ടാക്കട ഏര്യാ സെക്രട്ടറി ജി. സ്റ്റീഫനെ തീരുമാനിച്ചത് അപ്രതീക്ഷിതമായിരുന്നു.
ആലുവയില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. കെ. മുഹമ്മദാലിയുടെ മരുമകളും യുവ ആര്‍ക്കിടെക്ടുമായ ഷെല്‍ന നിഷാദാണ് സ്ഥാനാര്‍ഥി. എറണാകുളത്ത് ലത്തീന്‍ സഭയുടെ നോമിനി ഷാജി ജോര്‍ജും കുന്നത്തുനാട്ടില്‍ വി.പി. ശ്രീനിജനും തൃക്കാക്കരയില്‍ ഡോ: ജെ. ജേക്കബും മത്സരിക്കും.
മലപ്പുറത്ത് കഴിഞ്ഞ തവണത്തെപ്പോലെ സ്വതന്ത്രരാണ് കൂടുതല്‍. മന്ത്രി കെ.ടി.ജലീല്‍ തവന്നൂരില്‍ തന്നെ മത്സരിക്കും. സി.ഐ.ടി.യു. നേതാവ് നന്ദകുമാറാണ് പൊന്നാനിയില്‍ ശ്രീരാമകൃഷ്ണന്റെ പകരക്കാരന്‍. മാവേലിക്കര, പാലക്കാട്, മഞ്ചേശ്വരം, കൊയിലാണ്ടി, തിരുവമ്പാടി തുടങ്ങി ഏതാനും സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പൂഞ്ഞാര്‍, റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കും. പറവൂര്‍,പെരുമ്പാവൂര്‍ സീറ്റുകളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. ജില്ലാ സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റികളും ചര്‍ച്ച ചെയ്ത ശേഷം എട്ടാം തീയതി സംസ്ഥാന സെക്രട്ടേറിയറ്റും ഒമ്പതിനു സംസ്ഥാന സമിതിയും ചേരും. അതിനു ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.
ശ്രദ്ധേയ വിവരങ്ങൾ
- രണ്ടു ടേം നിബന്ധന കർശനമാക്കി സി.പി.എം. സ്ഥാനാർഥി പട്ടിക
- അഞ്ചു മന്ത്രിമാരും സ്പീക്കറും ഇല്ല
- എസ് എഫ് ഐ - ഡിവൈഎഫ് നേതാക്കൾക്ക് അവസരപ്പെരുമഴ
- 11 വനിതകൾ പട്ടികയിൽ: കുറഞ്ഞു പോയെന്ന് വിമർശനം
- കെ.രാധാകൃഷ്ണൻ ചേലക്കരയിൽ മത്സരിക്കും
- കെ.എൻ. ബാലഗോപാൽ , പി. രാജീവ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ എന്നിവരും സ്ഥാനാർഥികൾ