• HOME
  • »
  • NEWS
  • »
  • kerala
  • »
  • പികെ ശശിയെ വെള്ളപൂശി പാർട്ടി; യുവതിയോട് മോശമായി പെരുമാറിയിട്ടില്ല

പികെ ശശിയെ വെള്ളപൂശി പാർട്ടി; യുവതിയോട് മോശമായി പെരുമാറിയിട്ടില്ല

  • Share this:
    തിരുവനന്തപുരം: ലൈംഗിക പീഡനപരാതി നേരിടുന്ന പികെ ശശി എം എൽ എയ്ക്ക് എതിരായ അന്വേഷണകമ്മീഷനിലെ വിശദാംശങ്ങൾ പുറത്ത്. പാർട്ടി ഓഫീസിൽ വെച്ച് യുവതിയോട് പി കെ ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

    അപമര്യാദയായി പെരുമാറിയതിന് തെളിവില്ലെന്നും പരാതിക്കാരിക്ക് പി കെ ശശി 5000 രൂപ നൽകിയതിൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
    ബാഹ്യസമ്മർദ്ദമാണ് യുവതി പരാതി നൽകാൻ കാരണമായതെന്ന സൂചനയും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇതേ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് പി കെ ശശിക്ക് എതിരെ പാർട്ടി നടപടിയെടുത്തത്. ആറുമാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു ചെയ്തത്.

    പികെ ശശിയെ വെള്ള പൂശുന്ന റിപ്പോർട്ടാണ് പാർട്ടി അന്വേഷണ കമ്മീഷൻ നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ പല വാദങ്ങളെയും കമ്മീഷൻ റിപ്പോർട്ട് ഖണ്ഡിക്കുന്നുണ്ട്. സി.പി.എമ്മിന്‍റെ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചാണ് ശശി തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. എന്നാൽ, ഇത് അന്വേഷണ കമ്മീഷൻ ഖണ്ഡിക്കുന്നു. തിരക്കുള്ള പാർട്ടി ഓഫീസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പെൺകുട്ടിയുടെ വാദത്തിനോട് യോജിക്കാനാകില്ലെന്ന പരാമർശം റിപ്പോർട്ടിലുണ്ട്.
    മാത്രമല്ല, സംഭവത്തിന് ദൃക് സാക്ഷികളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

    പികെ ശശിക്ക് സസ്‌പെന്‍ഷന്‍

    പാർട്ടി ഓഫീസിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി ശശി 5000 രൂപ നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്. കേസുമായി മുന്നോട്ടു പോകാതിരിക്കാൻ തുക നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, ഇതിന് ശശി നൽകിയ വിശദീകരണമാണ് അന്വേഷണ കമ്മീഷൻ പരിഗണിച്ചത്. സി പി എമ്മിന്‍റെ വനിതാ വോളണ്ടിയർ സേനയുടെ പ്രവർത്തനത്തിനാണ് തുക നൽകിയതെന്നായിരുന്നു ശശി കമ്മീഷനു മുമ്പാകെ നൽകിയ വിശദീകരണം. ശശിയുടെ ഈ വാദം പാർട്ടി കമ്മീഷൻ മുഖവിലയ്ക്കെടുത്തു. അതുകൊണ്ടു തന്നെ, 5000 രൂപ നൽകിയതിൽ തെറ്റില്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തൽ.

    മാത്രമല്ല പാലക്കാട് ജില്ല സമ്മേളനം നടന്നപ്പോഴും മറ്റും വളരെ ഉത്സാഹവതിയായി പെൺകുട്ടി കാണപ്പെട്ടെന്നും ഇത്തരത്തിൽ ഒരു അനുഭവം നേരിട്ടെങ്കിൽ അത്തരത്തിൽ സ്വാഭാവികമായി പെരുമാറാൻ കഴിയില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി പരാതി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമല്ല, ഇതിൽ ബാഹ്യസമ്മർദ്ദം ഉണ്ടോയെന്ന സംശയവും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

    ശശിയെ പൂർണമായിട്ടല്ലെങ്കിലും ന്യായീകരിക്കുന്ന റിപ്പോർട്ടാണ് അന്വേഷണ കമ്മീഷൻ പാർട്ടിക്ക് നൽകിയിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന വാദം പ്രവർത്തകർ കമ്മീഷനു മുമ്പിൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ പാലക്കാട് ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം ചർച്ച ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.

    First published: