• HOME
  • »
  • NEWS
  • »
  • kerala
  • »
  • SilverLine project | സിൽവർലൈൻ പദ്ധതി : വിഷയം പാർലമെന്റിൽ ഉന്നയിച്ച് സി.പി.എം.

SilverLine project | സിൽവർലൈൻ പദ്ധതി : വിഷയം പാർലമെന്റിൽ ഉന്നയിച്ച് സി.പി.എം.

കെ -റയിൽ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും, രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.എം. വിഷയം പാർലമെന്റിൽ ഉന്നയിച്ചത്

സിൽവർലൈൻ

സിൽവർലൈൻ

  • Share this:
    കെ-റയിൽ (K-Rail) പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ വിഷയം പാർലമെന്റിൽ ഉന്നയിച്ച് സി.പി.എം. സിൽവർലൈൻ പദ്ധതിക്ക് (SilverLine Project) അനുമതി നൽകണമെന്നും, സാമ്പത്തിക സഹായം അനുവദിക്കണമെന്നും രാജ്യസഭയിൽ എം.പി. എളമരം കരീം ആവശ്യപ്പെട്ടു. ശൂന്യവേളയിലെ വിഷയാവതരണത്തിനിടെ കെ.സി. വേണുഗോപാൽ എം.പി. പ്രതിഷേധിച്ചു.

    സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിലപാട് സ്വീകരിക്കട്ടെയെന്ന് സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു വ്യക്തമാക്കി. കെ -റയിൽ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും, രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.എം. വിഷയം പാർലമെന്റിൽ ഉന്നയിച്ചത്.

    സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്നും സാമ്പത്തിക സഹായം അനുവദിക്കണമെന്നും രാജ്യസഭയിൽ എം.പി. എളമരം കരീം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർഗോട് വരെ സിൽവർലൈൻ എന്ന പേരിൽ ഒരു അർദ്ധ-അതിവേഗ റെയിൽ ഇടനാഴിയാണ് കേരള സംസ്ഥാനം നിർദ്ദേശിച്ചിരിക്കുന്നത്.

    നിലവിൽ 10 മുതൽ 12 മണിക്കൂർ വരെയാണ് യാത്രക്ക് വേണ്ടി വരുന്നത്. ഇരട്ട ലൈൻ പദ്ധതി യാഥാർത്ഥ്യമായാൽ നാല് മണിക്കൂറിനുള്ളിൽ കേരളത്തിന്റെ രണ്ട് അറ്റങ്ങളെയും ബന്ധിപ്പിക്കാനാകും. പ്രതിദിനം 80,000 യാത്രക്കാരെ വഹിച്ചുകൊണ്ട് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് ഓടാനാകും.

    പദ്ധതിയുടെ സാധ്യതാ പഠനം 2019-ൽ നടത്തി. റെയിൽവേ ബോർഡ് പദ്ധതിക്ക് 17-12-2019ന് തത്വത്തിൽ അനുമതി നൽകി. സിൽവർലൈനിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് 2020 ജൂണിൽ റെയിൽവേ മന്ത്രാലയത്തിന് അംഗീകാരത്തിനായി സമർപ്പിച്ചു. പദ്ധതി പൂർത്തീകരണത്തിന് 63,941 കോടി രൂപ ചിലവ് വരും. കേന്ദ്ര സർക്കാരിന്റെ JICA ODA റോളിംഗ് പ്ലാനുകളിൽ ഈ പ്രോജക്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എഡിബിയും ധനസഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി ബഹുമുഖ ഫണ്ട് ലഭ്യമാക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ കേന്ദ്ര ധനമന്ത്രി നിർദ്ദേശം നൽകിയ സാഹചര്യത്തിൽ സ്ഥലമെടുപ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.  അന്തിമ അനുമതി ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകും.

    സിൽവർലൈൻ ഒരു ഹരിത ഗതാഗത പദ്ധതിയാണ്. നിർമ്മാണ ഘട്ടത്തിൽ പ്രത്യക്ഷമായും പരോക്ഷമായും 50000 തൊഴിലവസരങ്ങളും പ്രവർത്തന ഘട്ടത്തിൽ പ്രത്യക്ഷവും പരോക്ഷവുമായി 11000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. പദ്ധതി സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. മാത്രമല്ല, കനത്ത ഗതാഗതക്കുരുക്ക് കുറയുന്നതിനും ഹൈവേകളിലെ അപകടങ്ങൾ  കുറയ്ക്കുന്നതിനും സഹായകമാകും.

    സംസ്ഥാന ഗവൺമെന്റിന്റെ  പ്രധാന അടിസ്ഥാന സൗകര്യ വികസന സംരംഭമായതിനാൽ  ഈ പദ്ധതി വ്യാപകമായ പ്രചാരണം നേടിയിട്ടുണ്ട്.  പൗരന്മാരുടെ യഥാർത്ഥ ആശങ്കകൾ ക്രിയാത്മകമായി അഭിസംബോധന ചെയ്യുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. കേരളത്തിന്റെ  വികസനത്തിന് വളരെ നിർണ്ണായകമായ ഒരു പദ്ധതിയായതിനാൽ  സെമി ഹൈ സ്പീഡ് റെയിൽ കോറിഡോർ - സിൽവർലൈനിന് അന്തിമ അനുമതിയും മതിയായ സാമ്പത്തിക സഹായവും അടിയന്തിരമായി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും എളമരം കരീം ശൂന്യവേളയിൽ പറഞ്ഞു.

    പദ്ധതി കേരളത്തിലെ ജനങ്ങൾ തള്ളിയതാണെന്നും തെറ്റായ വിവരങ്ങളാണ് എളമരം ഉന്നയിക്കുനതെന്നും കെ.സി. വേണുഗോപാൽ എം പി പ്രതിഷേധം അറിയിച്ചു. വിഷയ അവതരണത്തിനുള്ള അംഗത്തിന്റെ അവകാശം തടസപ്പെടുത്തരുതെന്ന് അധ്യക്ഷൻ നിലപാടെടുത്തു. സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിലപാട് സ്വീകരിക്കട്ടെയെന്നും സഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു വ്യക്തമാക്കി.
    Published by:user_57
    First published: