കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് എംവി ഗോവിന്ദന് പറഞ്ഞു. നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വിട്ടു നില്‍ക്കുന്നുവെന്ന വാര്‍ത്തകളോടും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു.
എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് എവിടെ വെച്ച് വേണമെങ്കിലും ജാഥയുടെ ഭാഗമാകാം. കണ്ണൂരില്‍ തന്നെ പങ്കെടുക്കണമെന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഒരു അതൃപ്തിയുമില്ലെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.
ഇടത് സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും സംയുക്തമായി കാലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സെസ് വര്‍ധിപ്പിച്ചു എന്ന് പറഞ്ഞാണ് ഈ സമരം നടത്തുന്നത്. ചാവേറുകളെ പോലെയാണ് സമരം നടക്കുന്നത്. ആക്രമണ സമരത്തിനെതിരായി ജനങ്ങള്‍ പ്രതികരിക്കും. സംഘര്‍ഷം ഉണ്ടാക്കാന്‍ രണ്ടാളായാലും മതി. തെറ്റായ സമര രീതിയാണ് ഇവിടെയുള്ളത്. ജനകീയ സമര രീതിയല്ല നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.