കണ്ണൂർ: തില്ലങ്കേരിയിലെ പാർട്ടി എന്നാൽ ആകാശും കൂട്ടരുമാണെന്ന വാർത്തളെ തള്ളി പി ജയരാജൻ. തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശും കൂട്ടരുമല്ല. തില്ലങ്കേരിയിലെ പാർട്ടി നേതൃത്വവും അംഗങ്ങളുമാണു പാർട്ടിയുടെ മുഖം. തില്ലങ്കേരിയിലെ പാർട്ടി ക്വട്ടേഷൻ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ലെന്നും തില്ലങ്കേരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പറഞ്ഞു.
”കോൺഗ്രസ് ഭീകരതയെ പ്രതിരോധിച്ച പാർട്ടിയാണ് തില്ലങ്കേരിയിലേത്. പി ജയരാജൻ തില്ലങ്കേരിയിലേക്ക് എന്നാണ് മാധ്യമങ്ങൾ പറഞ്ഞത്. ഞാൻ പിന്നെ എവിടെയാ പോകേണ്ടത്? 520 പാർട്ടി മെമ്പർമാരാണ് തില്ലങ്കേരിയിലെ പാർട്ടി. അല്ലാതെ ആകാശും കൂട്ടരുമല്ല. ആകാശിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് ഞാൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്. അതിനു മുമ്പും അയാൾക്കെതിരെ ചില കേസുകൾ ഉണ്ടായിരുന്നു.
Also Read- സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം; ഒരു മാസം കൊണ്ട് 140 മണ്ഡലങ്ങളിലൂടെ
പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത സംഭവമായിരുന്നു ഷുഹൈബ് വധം. അതുകൊണ്ടുതന്നെ ആ കേസിൽപ്പെട്ട എല്ലാവരെയും പാർട്ടി പുറത്താക്കി. അതിനു മുമ്പ് ആകാശ് കേസിൽപ്പെട്ടത് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായായിരുന്നു. അന്ന് പാർട്ടി സംരക്ഷിച്ചിട്ടുമുണ്ട്. ആകാശിനെ പുറത്താക്കിയപ്പോൾത്തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്”- ജയരാജൻ കൂട്ടിച്ചേർത്തു.
ക്വട്ടേഷൻ സംഘത്തിന്റെ ഒരു സേവനവും ഈ പാർട്ടിക്കു വേണ്ടെന്നും ജയരാജൻ വ്യക്തമാക്കി. ആകാശിന്റെ ഫേസ്ബുക്ക് കമന്റ് വായിച്ചെന്നും ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങൾ പാർട്ടിക്ക് ഒപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർ പല വഴി തേടി പോയില്ല, പാർട്ടി അവരെ സംരക്ഷിച്ചുവെന്നും പാർട്ടി സംരക്ഷിച്ചില്ല എന്ന ആകാശിന്റെ പ്രതികരണത്തോടുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
”പല വഴിക്ക് സഞ്ചരിക്കുന്നവർക്ക് നിങ്ങളുടെ വഴി. പാർട്ടിക്ക് പാർട്ടിയുടെ വഴി. പല വഴിക്കു സഞ്ചരിക്കുന്നവരുമായി രാജിയില്ല. അവരെ പാർട്ടി സംരക്ഷിക്കില്ല. ഇ പി ജയരാജനും ഞാനും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ നല്ല സൗഹൃദത്തിലാണ്”- പി ജയരാജൻ വ്യക്തമാക്കി.
Also Read- ‘ആര്‍എസ്എസ് ചര്‍ച്ച ദുരൂഹം, കോൺഗ്രസ്-ലീഗ്-വെൽഫയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ?’ മുഖ്യമന്ത്രി
മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പി ജയരാജനെ ഉൾപ്പെടെ പങ്കെടുപ്പിച്ചു കൊണ്ടാണ് തില്ലങ്കേരിയിലെ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ മറുപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങിയത്. യോഗത്തില്‍ പങ്കെടുക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ സിപിഎം സംസ്ഥാന നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി. യരാജന്‍ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.