ക്വട്ടേഷന് - മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കും എതിരെ സി പി എം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂർ ജില്ലയില്‍ 3801 കേന്ദ്രങ്ങളില്‍ വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കും. ക്വട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യതിന്മകളെയും അതിൽ ഏര്‍പ്പെടുന്നവരെയും ഒറ്റപ്പെടുത്താന്‍ ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു.
'പൊലീസ് നടപടികളുടെ ഫലമായി പല ക്വട്ടേഷനുകളും പാളിപ്പോവുകയാണ് ഉണ്ടായത്. വിദേശത്ത് നിന്ന് കള്ളസ്വർണവും മറ്റുമായി ചില വാഹകരെത്തുന്നു. അവര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മുന്‍കൂട്ടി വിവരം നല്‍കി എത്തിയ ടീമിനെ ഏല്‍പ്പിക്കുന്നു. വിദേശത്ത് നിന്നും ആസൂത്രണം ചെയ്ത് എത്തിയ മറ്റൊരു ക്വട്ടേഷന്‍ ടീം വഴിമധ്യേ തട്ടിക്കൊണ്ടു പോകുന്നു. ഇത്തരക്കാര്‍ സാമൂഹ്യദ്രോഹികളാണ്' - എം വി ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി എന്ന് സി പി എം ജില്ലാ സെകട്ടറി പറഞ്ഞു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നു. ചിലർ വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തു വന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സി പി എമ്മില്‍ യാതൊരു സ്ഥാനവും ഉണ്ടാവില്ല എന്ന് എം വി ജയരാജൻ വ്യക്തമാക്കി. സി പിഎമ്മിന്‍റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.