ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം. ദേവികുളത്ത് ജാതി അടിസ്ഥാനത്തിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമം നടത്തി എന്ന ആരോപണത്തെ തുടർന്നാണ് രാജേന്ദ്രനെതിരെ അന്വേഷണം നടത്തുന്നത്. സിപിഎം ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, പി എൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല.
ദേവികുളം മണ്ഡലത്തിൽ ജാതി അടിസ്ഥാനത്തിൽ രാജേന്ദ്രൻ വിഭാഗീയതയ്ക്ക് ശ്രമിച്ചു എന്നതാണ് പ്രധാന ആരോപണം. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ആയ എ രാജയെ വെട്ടി സ്ഥാനാർത്ഥി ആകാൻ കുപ്രചരണങ്ങൾ നടത്തി എന്നും ആരോപണമുണ്ട്. സ്ഥാനാർഥിത്വം നഷ്ടമായതോടെ എസ് രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകൾ ഉൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ എല്ലാം കണക്കിലെടുത്താണ് പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അട്ടിമറി ഭീഷണി ഉണ്ടായിരുന്നതിനാൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ നേരിട്ട് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. ശക്തമായ പ്രചാരണത്തിലൂടെ 7848 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുമുഖമായ എ രാജയ്ക്ക് ലഭിച്ചത്. എന്നാൽ മറയൂരിൽ എ രാജ 700 വോട്ടുകൾക്ക് പിന്നിലായിരുന്നു. കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും എൽ ഡി എഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല. അതിനാൽ തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളിൽ എസ് രാജേന്ദ്രൻ കാലുവാരിയോ എന്ന് അന്വേഷണ കമ്മിഷൻ പരിശോധിക്കും.
Also Read-
പിണറായി വിജയനും സജി ചെറിയാനുമായി ജി. സുധാകരൻ കൂടിക്കാഴ്ച നടത്തി; ആലപ്പുഴ സി പി എമ്മിലെ മഞ്ഞുരുകുന്നു
ഏരിയ കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ് രാജേന്ദ്രൻ, എ രാജ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എന്നിവരിൽ നിന്നും അന്വേഷണ കമ്മിഷൻ വിവരങ്ങൾ ശേഖരിക്കും. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളം എംഎൽഎ ആയ രാജേന്ദ്രൻ ഇത്തവണയും മത്സര രംഗത്ത് ഉറപ്പിച്ചിരുന്നു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമാണ് രാജേന്ദ്രന് തിരിച്ചടിയായത്.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; തൃശൂര്‍ ജില്ലാ നേതൃത്വത്തിന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. വിഷയത്തിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജില്ലാഘടകത്തിനു കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. ബാങ്ക് ക്രമക്കേട് സംസ്ഥാന നേതൃത്വം നേരത്തേ അറിഞ്ഞിരുന്നു എന്നും ഇതോടെ വ്യക്തമാകുകയാണ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ ബാങ്കുകളിലും പരിശോധനയ്ക്കും തിരുത്തലിനും സിപിഎം നടപടി തുടങ്ങി.
സഹകരണ പ്രസ്ഥാനങ്ങളും കേരളത്തിലെ സിപിഎമ്മുമായുള്ളത് ഇഴപിരിക്കാനാകാത്ത ബന്ധമാണ്. പാര്‍ട്ടിയുടെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സിപിഎമ്മിന് വലിയ ആഘാതവുമാണ്. പ്രത്യേകിച്ചും ബിജെപി നേതൃത്വം സഹകരണരംഗത്ത് പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍. അതുകൊണ്ടുതന്നെ കരുവന്നുര്‍ സഹകരണ ബാങ്ക് ക്രമക്കേട് ഗുരുതരമായ വിഷയമായി സിപിഎം നേതൃത്വം കാണുന്നു. കരുവന്നൂരിലെ തട്ടിപ്പിന്റെ ആഴവും ഗൗരവവും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.