നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വട്ടപ്പാറ വളവിലെ ലോറി മറിക്കും ഭൂതം എന്ത് ?

  വട്ടപ്പാറ വളവിലെ ലോറി മറിക്കും ഭൂതം എന്ത് ?

  ദുർഘടമല്ലാത്ത മറ്റൊരു വഴിയിലൂടെ വലിയ വാഹനങ്ങൾ പോകാൻ സാഹചര്യം ഒരുക്കുകയാണ് അപകടമൊഴിവാക്കാനുള്ള ഒരു മാർഗം

  വട്ടപ്പാറ വളവ്

  വട്ടപ്പാറ വളവ്

  • News18
  • Last Updated :
  • Share this:
   #അനുമോദ് സി.വി

   ഒക്ടോബർ 14 ന് രാവിലെ 5 മണിക്ക് വട്ടപ്പാറ വളവിൽ ഒരു പാചക വാതക ടാങ്കർ കൂടി മറിഞ്ഞു. പാചക വാതക ചോർച്ചയോ ആളപായമോ ഇല്ല. കഴിഞ്ഞ 8 ആഴ്ചകൾക്ക് ഇടയിൽ ഉണ്ടാകുന്ന നാലാമത്തെ അപകടം ആണിത്.

   വട്ടപ്പാറ വളവിലെ ഭൂതം എന്ത്?

   വളാഞ്ചേരിക്കും വെട്ടിച്ചിറക്കും ഇടയിലെ കുപ്രസിദ്ധ ഇടമാണ് വട്ടപ്പാറ വളവ്. കൊടും വളവും കുത്തനെ ഉള്ള കയറ്റവും! മലയാളത്തിൽ 'റ'  പോലെയാണ് ഇവിടെ റോഡ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബസുകളും ലോറികളും കാറുകളും അടക്കം എല്ലാ വാഹനങ്ങളും അപകടത്തിൽ പെടുന്നത് ഇവിടെ പതിവായിരുന്നു. തുടർന്ന് റോഡിന് വീതി കൂട്ടി, കുത്തനെ ഉള്ള കയറ്റം ലഘൂകരിച്ചു. വളവിന്റെ മുൻപ് സിഗ്നൽ ബോർഡുകളും ഹമ്പുകളും സ്ഥാപിച്ചു. അതോടെ അപകടങ്ങൾക്ക് കുറവ് വന്നു. എന്നാൽ ടാങ്കർ , കണ്ടയിനർ ലോറികൾ അപകടത്തിൽ പെടുന്നത്  ഇപ്പോഴും തുടരുകയാണ്.   എന്തുകൊണ്ട് ടാങ്കറുകളും കണ്ടയിനറുകളും?

   അതീവ ശ്രദ്ധയോടെ ഓടിച്ചാൽ മാത്രമേ പരിചയം ഉള്ളവർക്ക് പോലും ഈ വഴി അപകടമില്ലാതെ കടന്നു പോകാൻ കഴിയൂ. പ്രദേശത്തെ കുറിച്ച് വലിയ പരിചയമില്ലാത്തവരാണ് ഇവിടെ അപകടത്തിൽപെട്ട വാഹനങ്ങളുടെ ഡ്രൈവർമാരെന്നാണ് പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരും പറയുന്നത്.

   റോഡിന്റെ ഘടന തന്നെയാണ് അപകടത്തിന് പ്രധാന കാരണം. അതോടൊപ്പം വളവിനെ പറ്റിയുള്ള ഡ്രൈവർമാരുടെ അപരിചിതത്വം. അപകടത്തിൽപെട്ടതെല്ലാം കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ആണ്. അതായത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ. ഇറങ്ങുമ്പോൾ ഇന്ധനം ലഭിക്കാൻ ഡ്രൈവർമാർ ഗിയർ ന്യൂട്രൽ ആക്കും. ഇതുകാരണം വാഹനം പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയില്ല. കയറ്റം കയറി പോകുന്ന വാഹനങ്ങൾ അടുത്ത കാലത്തൊന്നും അപകടത്തിൽപെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

   'റ' വളവിന് തൊട്ടുമുൻപ് വരെ രണ്ടിടത്ത് ഹമ്പുകളുണ്ട്. അടുത്തായി 8 ഓളം ഹമ്പുകളും. ഈ ഹമ്പുകളുടെ ഉയരം അല്പം കൂടുതലാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഇതും ടാങ്കർ, കണ്ടെയ്നർ ലോറികളുടെ നിയന്ത്രണത്തെ ബാധിക്കുന്നു.

   കാബിൻ - ചേസിസ് കണക്ഷൻ ഉള്ള വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതായത് ഇത്തരം വാഹനങ്ങൾ ബ്രേക്ക് ചെയ്തത് ഓടിക്കുന്നതിൽ പറ്റുന്ന പിഴവാണ് അപകടത്തിന് പ്രധാന കാരണം. ലോറിയോ ബസ്സോ പോലെ പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിയന്ത്രിക്കാൻ പറ്റുന്നതല്ല ടാങ്കർ - കണ്ടെയ്നർ വാഹനങ്ങൾ.   ഒഴിവായത് വൻ ദുരന്തങ്ങൾ

   2 മാസത്തിനിടെ മറിഞ്ഞ 4 ലോറികളിൽ മൂന്നും പാചകവാതക ടാങ്കർ ആണ്. ഒരിക്കൽ മാത്രമാണ് ചോർച്ച ഉണ്ടായത്. അത് സമയബന്ധിതമായി പരിഹരിക്കാൻ കഴിഞ്ഞു. രാത്രിയും പുലർച്ചെയുമാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത് .ഇത് രക്ഷാപ്രവർത്തനത്തേയും ബാധിക്കുന്നു.

   ഇതുവരെയുള്ള കണക്കുകൾ

   വട്ടപ്പാറ വളവിൽ ഇക്കൊല്ലം ഇത് വരെ 2 പേര് ആണ് അപകടത്തിൽ മരിച്ചത്. മാർച്ച് 12 ന് വെട്ടുകല്ല് കയറ്റിയ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. പോയ വർഷം 2 അപകടങ്ങളിലായി 5 പേർ മരിച്ചു.

   പരിഹാരം എന്ത്?

   ദുർഘടമല്ലാത്ത മറ്റൊരു വഴിയിലൂടെ വലിയ വാഹനങ്ങൾ പോകാൻ സാഹചര്യം ഒരുക്കുകയാണ് അപകടമൊഴിവാക്കാനുള്ള ഒരു മാർഗം. കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസ് നിർമാണം കാലങ്ങളായി കടലാസിലാണ്. സ്ഥലം ഏറ്റെടുക്കൽ ഇനിയും തീർന്നിട്ടില്ല. ഇപ്പോഴുള്ള റോഡ് ആകട്ടെ തകർന്ന നിലയിലും. ഈ സാഹചര്യത്തിൽ ബൈപ്പാസ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക അനിവാര്യമാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന എയ്ഡ്പോസ്റ്റും ഉദ്യോഗസ്ഥരും ഇവിടെ അനിവാര്യം ആണ്. വട്ടപ്പാറ വളവിലെ പോലീസ് എയ്ഡ്പോസ്റ്റ് ഉദ്ഘാടനത്തിന് മാത്രമാണ് തുറന്നത്.

   ഇപ്പോൾ ചെയ്യാൻ പറ്റുന്നത്

   'റ' വളവിനു മുൻപ് ഇരു ദിശകളിലും കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുക, ഉയരം കൂടുതലുള്ള ഹമ്പുകളുടെ ഉയരം കുറയ്ക്കുക, ഡ്രൈവർമാർക്ക് നേരിട്ട് നിർദേശങ്ങളും മുന്നറിയിപ്പും നൽകാൻ സംവിധാനം ഒരുക്കുക. ഇത്രയും അടിയന്തിരമായി ചെയ്താൽ വട്ടപ്പാറ വളവിലെ ദുർഭൂതത്തെ താത്കാലികമായി അകറ്റാം.

   First published:
   )}