കൊച്ചി: പാലാരിവട്ടം പാലം നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഇന്ന് നിർണായക ദിനം. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡിഎംഒ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി കാര്യത്തിൽ അടക്കം കോടതി തീരുമാനം എടുക്കുക
പാലാരിവട്ടം പാലം നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ വി കെ ഇബ്രാഹിംകുഞ്ഞ്. കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിനെ നാലുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നത്.
ഡിഎംഒയുടെ നിർദ്ദേശപ്രകാരം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ സൂപ്രണ്ട് ഉൾപ്പെടെ ആറ് ഡോക്ടർമാർ അടങ്ങുന്ന സംഘം സ്വകാര്യ ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടുകയും ചികിത്സാ രേഖകൾ പരിശോധിക്കുകയും ചെയ്തതിനുശേഷമാണ് മെഡിക്കൽ ബോർഡ് ഡിഎംഒക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഡിഎംഒ സമർപ്പിക്കുന്ന റിപ്പോർട്ട് അടിസ്ഥാനത്തിലാവും കോടതിയുടെ തീരുമാനം.
ആരോഗ്യനില മോശമാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയാൽ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ല. എന്നാൽ കസ്റ്റഡി അനുവദിച്ചില്ലെങ്കിൽ ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള ശ്രമവും വിജിലൻസ് സ്വീകരിച്ചേക്കും. കോടതിയുടെ തീരുമാനം വന്നതിനുശേഷം തുടർ നടപടികൾ സ്വീകരിക്കാൻ ആണ് വിജിലൻസിന്റെ ആലോചന. വിജിലൻസിനെ പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.