കോഴിക്കോട് നാലുവയസുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് സസ്പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാലു വയസുകാരിക്ക് ശസ്ത്രക്രിയാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാനും ആരോഗ്യ മന്ത്രി വീണാ ജോർജ് കര്‍ശന നിര്‍ദേശം നല്‍കി. നേരത്തേ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലുവയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്‌ക്കെത്തിയത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഷ്യം. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു.
advertisement
കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനാല്‍ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാന്‍ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ വന്ന അപാകതയാണ് കാരണമെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.
അതേസമയം, കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കായി ഡോക്ടറെ സമീപിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവര്‍ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതില്‍ ഡോക്ടര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
May 16, 2024 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് നാലുവയസുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് സസ്പെൻഷൻ