• HOME
  • »
  • NEWS
  • »
  • kerala
  • »
  • പി.കെ. വാര്യരുടെ പിൻഗാമിയാവുക എളുപ്പമല്ല; ഡോ: പി.എം. വാര്യർ

പി.കെ. വാര്യരുടെ പിൻഗാമിയാവുക എളുപ്പമല്ല; ഡോ: പി.എം. വാര്യർ

Dr PM Varier on carrying forward the legacy of late Dr PK Warrier | കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനം ഏറ്റെടുത്ത ഡോ: പി.എം. വാര്യർ ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖം

ഡോ: പി.എം. വാര്യർ

ഡോ: പി.എം. വാര്യർ

  • Last Updated :
  • Share this:
ആയുർവേദാചാര്യൻ ഡോ: പി.കെ. വാര്യരുടെ മനുഷ്യത്വപരമായ പ്രായോഗിക സമീപനം സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനം ഏറ്റെടുത്ത ഡോ: പി.എം. വാര്യർ. പി.കെ. വാര്യരുടെ പിൻഗാമിയാകുക എളുപ്പമല്ല. അത്രയും ഉയർന്നനിലവാരത്തിൽ എത്താൻ വേണ്ടി പരിശ്രമിക്കുകയാണ് താൻ എന്നും പി.എം. വാര്യർ പറഞ്ഞു.

ആയുർവേദ ചികിത്സയിൽ അദ്ദേഹം തുടങ്ങിവച്ച ഗവേഷണവും പരീക്ഷണങ്ങളും തുടരും. ആയുർവേദ മ്യൂസിയം എന്ന പി.കെ. വാര്യരുടെ സ്വപ്നം യാഥാർഥ്യമാക്കും. പി.കെ. വാര്യർ സ്വജീവിതത്തിലൂടെ കാണിച്ച മാതൃക കർമ്മരംഗത്ത് തുടരും എന്നും പി.എം. വാര്യർ ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

പി.കെ. വാര്യരുടെ പിന്തുടർച്ചക്കാരനായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി എന്ന പദവിയിൽ എത്തുമ്പോൾ, വലിയ ഉത്തരവാദിത്തം ആണല്ലോ മുൻപിൽ ഉള്ളത്. എന്തെല്ലാമാണ് മനസ്സിൽ?

പി.കെ. വാര്യരുടെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് എനിക്ക് ഈ സ്ഥാനത്തേക്ക് വരേണ്ടി വന്നത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സമഗ്ര മേഖലകളിലും പി.കെ. വാര്യരുടെ സ്പർശമുണ്ട്. ഏറെക്കാലം അദ്ദേഹത്തിൻ്റെ കൂടെയുണ്ടാകാനുള്ള അവസരം ലഭിച്ചു. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിൻ്റെ നിലപാടുകൾ, എടുത്തിരുന്ന തീരുമാനങ്ങൾ, അതൊക്കെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു. ഈയൊരു സ്ഥാനം ദുർഘടം പിടിച്ചതാണെങ്കിലും, അദ്ദേഹത്തോടൊപ്പമുള്ള അനുഭവം എന്നെ ഓരോ ഘട്ടത്തിലും ശരിയായ തീരുമാനങ്ങളിൽ എത്തിക്കും എന്ന് ഉറപ്പുണ്ട്.

പി.കെ. വാര്യർ ഒട്ടേറെ ഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നുവല്ലോ. അതോടൊപ്പം ക്യാൻസർ രോഗത്തിന് ചികിത്സ നൽകുന്നതടക്കം ആയുർവേദത്തിൽ സാധാരണ ആളുകൾ ചെയ്യാൻ മടിക്കുന്ന പല ചികിത്സകളും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെ തുടർ പ്രവർത്തനങ്ങൾ എങ്ങനെയാവും നടപ്പിലാക്കുക?

ഗവേഷണം എന്നാൽ ഒരു തുടർച്ചയാണ്. അതിനൊരു അന്തമില്ല. പി.കെ. വാര്യർ ക്യാൻസർ ചികിത്സ ഫലപ്രദമായി ചെയ്തു കൊണ്ടിരുന്നതാണ്. ഇപ്പൊൾ എം.വി.ആർ. ക്യാൻസർ  സെൻ്ററുമായി യോജിച്ച് പല പദ്ധതികളും ആലോചനയിലുണ്ട്. പല റിസർച്ചുകളും പ്രോജക്ടുകളും മുന്നോട്ടുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്യാൻസർ ചികിത്സാ രംഗത്ത് ഈ പ്രോജക്ടുകൾക്കെല്ലാം അനുമതി ലഭിച്ചാൽ വലിയ മാറ്റങ്ങൾ സാധ്യമാകും. കേന്ദ്രാനുമതി വന്നാൽ ഏറെ വൈകാതെ എല്ലാം യാഥാർഥ്യമാകും.പി.കെ. വാര്യരുടെ കൂടെ ഏറെ കാലം ഉണ്ടായിരുന്നത് കൊണ്ട് പലതും കണ്ടും കേട്ടും മനസിലാക്കാൻ താങ്കൾക്ക് അവസരം ലഭിച്ചു. ഇപ്പൊൾ മാനേജിങ് ട്രസ്റ്റി സീറ്റിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ...

മനുഷ്യത്വമാണ് പി.കെ. വാര്യരുടെ അടിസ്ഥാനം. പെട്ടെന്നുള്ള വികാരത്തിൽ അദ്ദേഹം തീരുമാനങ്ങൾ എടുക്കില്ല. ആ തീരുമാനം ജനങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചിന്ത. മനുഷ്യത്വപരമായ സമീപനമാണ് അദ്ദേഹം എല്ലാക്കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്.

ഒരാൾക്കും ദോഷം വരരുത് എന്നാവും അദ്ദേഹം ചിന്തിക്കുക. പ്രായോഗിക സമീപനമാണ് എപ്പോഴും മുഖ്യം, തിയറികൾ പറയുക അല്ല ചെയ്യാറുള്ളത്. ചികിത്സയുടെ കാര്യമാണെങ്കിൽ, പലർക്കും ചികിത്സിച്ചു മാറ്റാൻ അസാധ്യം എന്ന് കരുതിയ അസുഖങ്ങൾ പോലും അദ്ദേഹം സുഖപ്പെടുത്തിയിട്ടുണ്ട്.

പി.കെ. വാര്യരുടെ സ്വപ്നങ്ങളിൽ പൂർത്തിയാക്കാനുള്ളവ...

ആയുർവേദ സർവകലാശാല ഇനി സാധ്യമാകണം എന്നില്ല. ഇപ്പോൾ ആരോഗ്യ സർവകലാശാല നിലവിൽ ഉണ്ട് എന്നത് തന്നെ കാരണം. അദ്ദേഹത്തിൻ്റെ ഒരു സ്വപ്നം എന്നൊക്കെ പറയാൻ കഴിയുന്നത് അന്താരാഷ്ട്ര നിലവാരത്തിലെ ആയുർവേദ മ്യൂസിയമാണ്. ആയുർവേദത്തെ പറ്റി അറിയാൻ ആഗ്രഹമുള്ള ഒരാൾക്ക് അറിയേണ്ടതെല്ലാം അവിടെ ഉണ്ടാകണം.

ആധികാരികമായുള്ളതെല്ലാം സമഗ്രമായി വേണം. അതിന് വേണ്ടിയുള്ള പ്ലാനുകൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് കൊറോണ വ്യാപനം ആരംഭിച്ചത്. എട്ട് നിലയുള്ള കെട്ടിടം പ്ലാനിൽ ഉണ്ട്. അധികം വൈകാതെ അത് യാഥാർഥ്യമാക്കണം. അദ്ദേഹത്തിൻ്റെ പേരിൽ, ലോകോത്തര നിലവാരത്തിലാകും ആ മ്യൂസിയം ഉയരുക.

കാരുണ്യ പ്രവർത്തനങ്ങൾ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മുഖമുദ്രയാണ്. നടപ്പിലാക്കാനുള്ള പദ്ധതികളെക്കുറിച്ച്...

കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ലാഭവിഹിതത്തിന്റെ  45 % മാറ്റി വയ്ക്കാനുള്ള നിശ്ചയം സ്ഥാപകൻ വൈദ്യരത്നം പി. എസ്. വാര്യരുടേതാണ്. അദ്ദേഹത്തിൻ്റെ ഓസ്യത്തിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. അതൊന്നും ഒരിക്കലും മാറ്റുകയില്ല, ആർക്കും മാറ്റാനാവുകയുമില്ല. അത് എങ്ങനെ കൂടുതൽ സൗകര്യങ്ങളോടെ ചെയ്യാം എന്നതിനെ കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളൂ.

ഈ ഘട്ടത്തിൽ താങ്കളുടെ മുൻപിലെ വെല്ലുവിളി എന്താണ്?

പി.കെ. വാര്യരുടെ പിൻഗാമിയാവുക എന്നത്  വലിയ വെല്ലുവിളി തന്നെയാണ്. എളുപ്പമുള്ള കാര്യമല്ല അത്. അദ്ദേഹത്തിൻ്റെ ചിന്തകളും, പ്രവൃത്തികളും ശ്രേഷ്‌ഠമാണ്. അതിനടുത്തെങ്കിലും എത്തുക എന്നത് വെല്ലുവിളിയാണ്. അതിന് വേണ്ടിയാണ് എൻ്റെ ശ്രമം.

മുൻപ് കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ബോർഡ് അംഗവും ചീഫ് ഫിസിഷ്യനും ആയിരുന്നു പി.എം വാര്യർ. 2007 മുതൽ ട്രസ്റ്റി ബോർഡ് അംഗമായ അദ്ദേഹം, 1969ൽ അസിസ്റ്റൻ്റ് ഫിസിഷ്യനായാണ് വൈദ്യശാലയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അന്തരിച്ച ആയുർവേദ ആചാര്യൻ ഡോ. പി.കെ. വാര്യരുടെ സഹോദരീ പുത്രൻ കൂടിയാണ് പി.എം. വാര്യർ എന്ന മാധവ വാര്യർ.
Published by:user_57
First published: