എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്‍
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിൽ ഏറ്റവും ഒടുവിലത്തേതാണ് വയനാട് ബാണാസുര വനത്തിനോട് ചേര്‍ന്ന പന്തിപ്പൊയില്‍ വാളാരം കുന്നില്‍ ഇന്ന് നടന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകൾ. ശക്തമായ മാവോവാദി സാന്നിധ്യമുള്ള ഛത്തീസ്ഗഢിലും മറ്റും സർവസാധാരണമായി ഉണ്ടാകാറുന്ന ഏറ്റുമുട്ടലിലേക്ക് സംസ്ഥാനവും മാറുകയാണോ എന്ന ആശങ്കയാണ് ഇതിലൂടെ ഉയരുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2016 നവംബര്‍ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകളാണ്. ഓരോ ഏറ്റുമുട്ടൽ സംഭവത്തിന് പിന്നാലെയും വ്യാജ ഏറ്റുമുട്ടലെന്ന വിമർശനമാണ് ഉയരുന്നത്. ഭരണ കക്ഷിയായ സിപിഐ അടക്കം നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന അഭിപ്രായവുമായി നേരത്തെ രംഗത്ത് വന്നിരുന്നു.
2016ൽ കരുളായി വനത്തിലെ ഏറ്റുമുട്ടൽ
2016 നവംബര്‍ 24 നാണ് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ പൊലീസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ മരിക്കുന്നത്. തമിഴ്‌നാട് സ്വദേശികളായ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജും കാവേരി എന്ന അജിതയുമാണ് അന്ന് കൊല്ലപ്പെട്ടത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തം. കുപ്പു സ്വാമിയുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളും അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റത്. എകെ 47, എസ്എല്‍ആർ മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.
advertisement
Also Read- അട്ടപ്പാടി മഞ്ചിക്കണ്ടി; നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വെടിവെയ്പ്പ് നടന്നിട്ട് ഒരു വർഷം
2019ൽ ലക്കിടിയിലെ ഏറ്റുമുട്ടൽ
2019 മാര്‍ച്ച് 6നാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ സി പി ജലീല്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ടിനെ കണ്ടപ്പോള്‍ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നെന്നും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് നടത്തിയ വെടിവെപ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റിരുന്നു. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ച നിലയിലായിരുന്നു. റിസോര്‍ട്ടിനുപുറത്ത് നിര്‍മിച്ച വാട്ടര്‍ഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ലക്കിടി സംഭവവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് ഗൂഢാലോചനയില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ 250 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
advertisement
2019ൽ മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടൽ
2019 ഒക്ടോബര്‍ 28 നായിരുന്നു പാലക്കാട് മഞ്ചിക്കണ്ടി ഊരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലിനിടയില്‍ വെടിവെപ്പുണ്ടാകുകയും നാലു മാവോവാദികള്‍ കൊല്ലപ്പെടുകയും ചെയ്തത്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെക്കുകയും ചെയ്തിരുന്നു. നേരത്തെ പൊലീസിന്റെ പട്ടികയില്‍ ഉണ്ടായിരുന്ന മാവോ വാദികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മഞ്ചിക്കണ്ടി വനത്തിലെ ഏറ്റുമുട്ടല്‍ നടന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതിലെ ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയില്‍ അന്വേഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
advertisement
Also Read- അട്ടപ്പാടി മഞ്ചിക്കണ്ടി; നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വെടിവെയ്പ്പ് നടന്നിട്ട് ഒരു വർഷം
ഇന്ന് പന്തിപ്പൊയിൽ വാളാരംകുന്നിലെ ഏറ്റുമുട്ടൽ
പൊലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിൽ ഏറ്റവും ഒടുവിലത്തേതാണ് വയനാട് ബാണാസുര വനത്തിനോട് ചേര്‍ന്ന പന്തിപ്പൊയില്‍ വാളാരം കുന്നില്‍ ഇന്ന് നടന്നത്. പതിവ് തിരച്ചിലിനൊടുവില്‍ നേര്‍ക്ക് നേര്‍ എത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 35 വയസുതോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. എന്നാൽ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2020 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്‍