ഫ്രാൻസിസ് ജോർജ് ജയിച്ചപ്പോൾ പിടിയും പോത്തിറച്ചിയും വിളമ്പിയ കൗൺസിലർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പിടി വീണു
- Published by:Rajesh V
- news18-malayalam
Last Updated:
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. ജൂലൈ 30 ന് മുൻപായി ഹാജരാകാന്‍ നോട്ടീസിൽ പറയുന്നു
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഫലം വരുന്നതിന് മുൻപേ പിടിയും പോത്തിറച്ചിയും വിളമ്പിയ നഗരസഭാ കൗണ്‍സിലര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പിറവം നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചത്. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. ജൂലൈ 30 ന് മുൻപായി ഹാജരാകാന്‍ നോട്ടീസിൽ പറയുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ജില്‍സ് പെരിയപ്പുറം കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ജില്‍സ് പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നാണ് പരാതി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. തോമസ് ചാഴികാടനു പകരം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണച്ചതായും പരാതിയിൽ പറയുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വരുംമുൻപേയാണ് പിറവം ടൗണില്‍ പിടിയും പോത്തിറച്ചിയും വിതരണം ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെയും ഇടതു മുന്നണിയുടെയും നയമല്ലെന്നും പരാതിയില്‍ പറയുന്നു. കൂറുമാറിയ സ്ഥാനാർത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത കൽപിക്കണമെന്നും ടോമി ജോസഫ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും വിളമ്പുമെന്ന് പിറവത്തെ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഫലസൂചനകൾ പുറത്തുവന്നു തുടങ്ങിയ എട്ടരയോടെ ബസ് സ്റ്റാൻഡിനു മുൻപിൽ വിളമ്പൽ തുടങ്ങിയിരുന്നു. കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകൻ അപ്പു ജോസഫാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പത്തര വരെ പോത്തിറച്ചി കറിയും പിടിയും വിതരണം നീണ്ടു. വൃദ്ധ സദനമടക്കം ഏതാനും സ്ഥാപനങ്ങളിലും പോത്തിറച്ചി കറിയും പിടിയും എത്തിച്ചുനൽകി.
advertisement
കേരള കോൺഗ്രസ് മാണി വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജിൽസ് പെരിയപ്പുറത്തിന് മാണി വിഭാഗവുമായുള്ള അകൽച്ചയാണ് തോമസ് ചാഴികാടന്റെ പരാജയം ആഘോഷമാക്കുന്നതിൽ കലാശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 20, 2024 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്രാൻസിസ് ജോർജ് ജയിച്ചപ്പോൾ പിടിയും പോത്തിറച്ചിയും വിളമ്പിയ കൗൺസിലർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പിടി വീണു