'എന്റെ മോളെ കൊന്നത് സത്യമാ; അവൾക്ക് നീതി കിട്ടിയില്ല'; കൊലക്കേസ് പ്രതിയെ വെറുതെവിട്ട കട്ടപ്പന കോടതിയിൽ വൈകാരിക രംഗങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
''നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻചെയ്ത കാര്യങ്ങൾ. അവനെ വെറുതെ വിട്ടു, അവൻ സന്തോഷായിട്ട് ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ...'
കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ടതിന് പിന്നാലെ കോടതി സാക്ഷിയായത് വൈകാരിക നിമിഷങ്ങൾക്ക്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന്റെ നിലവിളിച്ചുകൊണ്ടുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ ആർക്കും ഉത്തരമില്ലായിരുന്നു. 'എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല' എന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
'14 വർഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്. അവളെ കൊന്നുകളഞ്ഞില്ലേ. എന്റെ മോളെ കൊന്നത് സത്യമാ. അവനെ വെറുതെ വിടില്ല. ഇപ്പോൾ എന്ത് നീതിയാണ് കിട്ടിയേക്കുന്നേ? നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻചെയ്ത കാര്യങ്ങൾ. അവനെ വെറുതെ വിട്ടു, അവൻ സന്തോഷായിട്ട് ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ...', കുട്ടിയുടെ മാതാവ് ഹൃദയംപൊട്ടി വിളിച്ചുപറഞ്ഞു.
കുട്ടിയുടെ ബന്ധുക്കൾ കോടതിവളപ്പിൽ പ്രതിഷേധിച്ചു. കേസിലെ അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കേസിൽ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസുകാരിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസിയായ അര്‍ജുനെ പിടികൂടുകയുമായിരുന്നു.
ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പൊ ലീസിന്റെ വിശദീകരണം. പീഡിപ്പിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.
2021 സെപ്റ്റംബർ 21നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം മെയിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
December 14, 2023 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ മോളെ കൊന്നത് സത്യമാ; അവൾക്ക് നീതി കിട്ടിയില്ല'; കൊലക്കേസ് പ്രതിയെ വെറുതെവിട്ട കട്ടപ്പന കോടതിയിൽ വൈകാരിക രംഗങ്ങൾ