കൊല്ലം: പത്തനാപുരത്ത് വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദബന്ധം അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് പാടം വനമേഖലയിൽ വനം വകുപിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. വനംവകുപ്പ് തന്നെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ അടക്കം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ,വയറുകൾ, ഇവ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്വക്വാഡ് (എടിഎസ്) വിശദമായ അന്വേഷണം നടത്തും. പൊലീസും എടിഎസും പ്രദേശത്ത് ഇന്ന് സംയുക്ത പരിശോധനയും നടത്തും. കേന്ദ്ര അന്വേഷണ ഏജൻസികളും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ കേരള-തമിഴ്നാട് അതിര്‍ത്തിയിൽ ക്യാമ്പ് നടത്തിയിരുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് വിവരം കൈമാറിയിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചും രണ്ട് മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു.
സംഭവത്തിൽ തീവ്ര സ്വഭാവമുള്ള സംഘടനകളിലുള്ളവരെ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുക. .ഉൾവന പ്രദേശങ്ങളിൽ തിരച്ചിൽ നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കിൻ ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പുനലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.