കൊടുങ്ങല്ലൂർ: നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് യുവദമ്പതികൾ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ (ഷാനു- 33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേ മുക്കാലോടെ കോട്ടപ്പുറം-മൂത്തകുന്നം പാലത്തിലായിരുന്നു അപകടം.
കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. സൗദിയിൽ ഡ്രൈവർ ആയിരുന്ന ഷാന്‍ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ക്വാറന്‍റീൻ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് വീടിന് പുറത്തിറങ്ങിയത്.
ഭാര്യയുമൊത്ത് എറണാകുളം ലിസി ആശുപത്രിയിൽ പോയി മടങ്ങുന്ന വഴിയായിരുന്നു അപകടം. കോവിഡ് ബാധിതയായിരുന്ന ഹസീന ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഗമുക്തി നേടിയത്. ഇരുവരുടെയും ഖബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയിൽ നടക്കും.
ദുഃഖകരമായ മറ്റ് രണ്ട് അപകടങ്ങളും സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് ദമ്പതികളും രക്ഷിക്കാനെത്തിയ അയൽവാസിയും മരിച്ചതാണ് ഒരു സംഭവം. പ്രാക്കുളം സ്വദേശികളായ സന്തോഷ്(48), ഭാര്യ റംല(40), അയൽവാസി ശ്യാകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേറ്റു. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനും ഇവരുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ ശ്യാംകുമാറിനും വൈദ്യുതാഘാതം ഏറ്റത്. അപകടത്തിൽ മരിച്ചവരിൽ രണ്ടു പേരുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
മറ്റൊരു അപകടത്തിൽ കാൽനടയായി ട്രാക്ക് പരിശോധിക്കാനിറങ്ങിയ രണ്ടു റെയിൽവേ ജീവനക്കാർ ട്രെയിൻ എൻജിൻ തട്ടി മരിച്ചു. ഒല്ലൂരിനും തൃശൂരിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച ഹർഷത് കുമാർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്യാങ്മാനായി ജോലി ചെയ്യുന്നയാളാണ്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു ഗ്യാങ്മാനായ വിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.