കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ടയളെ ഇനിയും കണ്ടാൽ അറിയാമെന്ന് ദൃക്സാക്ഷി. ഇയാൾ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ റാസിഖിന്റെ മൊഴി.
കൃത്യമായ പ്ലാനിങ്ങോടെയാണ് ഇയാൾ ട്രെയിനിൽ കയറിയത്. എല്ലാവരേയും നിരീക്ഷിച്ച ശേഷം ദേഹത്തേക്ക് പെട്രോൾ പോലുള്ള സ്പ്രേ ചെയ്യുകയായിരുന്നു. തുടർന്ന് തീയിട്ടു. ട്രെയിൻ നല്ല വേഗതയിലായതിനാൽ പെട്ടെന്ന് തീ പടർന്നു പിടിച്ചു.
ഏകദേശം 150 സെന്റീമീറ്റർ ഉയമരുണ്ട്. ഇറക്കം കൂടിയ ലൂസുള്ള ഷർട്ടാണ് ധരിച്ചിരുന്നത്. നേരത്തേ അയാളുടെ കൈവശം ഒന്നും കണ്ടിരുന്നില്ല. കാഴ്ച്ചയിൽ ഹിന്ദിക്കാരനെ പോലെ തോന്നി. തീ പടർന്നപ്പോൾ ഇയാൾ കുപ്പി എറിഞ്ഞ് അടുത്ത ബോഗിയിലേക്ക് ഓടി. അവിടെയുള്ള കുറച്ചു പേർ ഇയാളെ പിടിക്കാൻ ശ്രമിച്ചുവെന്നാണ് അറിഞ്ഞത്.
അക്രമിക്കും പൊള്ളലേറ്റിട്ടുണ്ടെന്നും തീ പടർന്ന ഉടനെ കോരപ്പുഴ പാലത്തിനു മുകളിൽ ട്രെയിൻ നിർത്തിയെന്നും റാസിഖിന്റെ മൊഴിയിൽ പറയുന്നു. റാസിഖിന്റെ കാലിനും പൊള്ളലേറ്റിട്ടുണ്ട്.
Also Read- കോഴിക്കോട് ട്രെയിനിലെ തീവെപ്പ്; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു
റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16307) കോരപ്പുഴയ്ക്കു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഡി 1 കോച്ചിലുണ്ടായിരുന്നവർക്കു നേരെ പെട്രോൾ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തുകയായിരുന്നു.
Also Read- കോഴിക്കോട് ട്രെയിനിലെ തീവെപ്പ്; പുറത്തുവന്ന സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്
അതേസമയം, പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവെച്ച സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതിയല്ലെന്ന് പൊലീസ്. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കപ്പാട് സ്വദേശി ഫആയിസ് മൻസൂറാണ്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇത് പ്രതിയല്ലെന്ന് പൊലീസ് വ്യക്തമാക്കി.
സിസിടിവിയിൽ കണ്ട യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്. ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian railways, Train fire