വ്യാജ ഡിഗ്രി വിവാദം: നിഖിൽ തോമസിനെ സിപിഎമ്മിൽനിന്ന് പുറത്താക്കി
- Published by:Anuraj GR
- news18-malayalam
Last Updated:
നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളജില്‍ എം.കോമിനു ചേര്‍ന്നത് ബി.കോം ജയിക്കാതെയെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ കഴിയുന്ന മുൻ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ സി.പി.എമ്മില്‍നിന്ന് പുറത്താക്കി. ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് നിഖിലിനെ പുറത്താക്കിയത്. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമായിരുന്നു നിഖിൽ.
നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളജില്‍ എം.കോമിനു ചേര്‍ന്നത് ബി.കോം ജയിക്കാതെയെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നിഖില്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വൈസ് ചാൻസലറും കലിംഗ സര്‍വകലാശാല റജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.
എസ്.എഫ്.ഐ കായംകുളം മുൻ ഏരിയ സെക്രട്ടറിയായ നിഖിലിനെ എസ്എഫ്ഐയിൽനിന്ന് ഇന്നലെ പുറത്താക്കിയിരുന്നു. നിഖിലിന്‍റെ കോളേജ് പ്രവേശനം വിവാദമായതിന് പിന്നാലെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കൂടാതെ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം തുല്യതാ സർട്ടിഫിക്കറ്റ് കേരള സർവകലാശാല റദ്ദാക്കി. എം കോം രജിസ്ട്രേഷനും സർവകലാശാല റദ്ദാക്കി. കലിംഗ സർവ്വകലാശാല ഔദ്യോഗികമായി മറുപടി നൽകിയ സാഹചര്യത്തിലാണ് നടപടി.
advertisement
നിഖിൽ തോമസ് ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ പരീക്ഷ ഫലത്തിൽ ഉന്നത വിജയം നേടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, എംഎസ്എം കോളേജിൽ ഒറ്റ സെമസ്റ്ററിൽ മാത്രമാണ് ജയിച്ചത്. ബാക്കി അഞ്ചു സെമസ്റ്ററിലും നിഖിൽ ജയിച്ചിട്ടില്ല.
എംഎസ്എം കോളജിൽ നിഖിൽ എഴുതിയത് സെമസ്റ്റർ പരീക്ഷകളാണ്. കലിംഗയുടേതായി നിഖിൽ ഹാജരാക്കിയതു വാർഷികപരീക്ഷയുടെ മാർക്ക് ലിസ്റ്റുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
June 22, 2023 7:05 PM IST