• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silverline| 'ഒന്നരമണിക്കൂറിൽ ഗൂരുവായൂരെത്താം'; കേന്ദ്രമന്ത്രിക്ക് മുന്നിൽ സിൽവർലൈൻ അനുകൂല മുദ്രാവാക്യമുയര്‍ത്തി CPM കൗൺസിലറുടെ അമ്മ

Silverline| 'ഒന്നരമണിക്കൂറിൽ ഗൂരുവായൂരെത്താം'; കേന്ദ്രമന്ത്രിക്ക് മുന്നിൽ സിൽവർലൈൻ അനുകൂല മുദ്രാവാക്യമുയര്‍ത്തി CPM കൗൺസിലറുടെ അമ്മ

ഇരുവരും സിൽവർ ലൈൻ വേണമെന്നും പദ്ധതിക്കായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.

  • Share this:
    തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് (V Muraleedharan) മുന്നിൽ സിൽവർ ലൈൻ (silverline) അനുകൂല മു​ദ്രാവാക്യങ്ങൾ മുഴക്കിയത് സിപിഎം കൗൺസിലറുടെ (cpm councillor) കുടുംബം. സിൽവർ ലൈൻ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകൾ നേരിട്ട് അറിയുന്നതിനായി ബിജെപി (bjp)സംഘടിപ്പിച്ച സിൽവർ ലൈൻ വി​​രുദ്ധ പ്രതിരോധ യാത്രക്കിടെ കഴക്കൂട്ടത്താണ് സംഭവം. സിപിഎം കഴക്കൂട്ടം കൗൺസിലർ എൽ എസ് കവിതയുടെ വീട്ടിലെത്തിയപ്പോൾ മുരളീധരനെ എതിരേറ്റത് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായുള്ള മുദ്രാവാക്യം വിളികളായിരുന്നു.

    തങ്ങൾ ഭൂമി വിട്ടുകൊടുക്കുമെന്ന് അറിയിക്കുകയും പിണറായി വിജയൻ സിന്ദാബാദെന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു അവർ. കൗൺസിലറുടെ അച്ഛനും അമ്മയുമാണ് മുരളീധരൻ എത്തിയപ്പോൾ അനുകൂല മു​ദ്രാവാക്യവുമായി വീടിന്റെ വരാന്തയിൽ വന്നത്. ഇരുവരും സിൽവർ ലൈൻ വേണമെന്നും പദ്ധതിക്കായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.

    'ഞങ്ങൾക്ക് ഒരു രൂപയും വേണ്ട. വികസന പദ്ധതിക്ക് ഭൂമി നൽകാൻ തീരുമാനിച്ചു. ഞങ്ങൾ സർക്കാറിനോടൊപ്പമാണ്. ഞങ്ങളുടെ സ്ഥലം നാളത്തെ തലമുറക്ക് വേണ്ടി നൽകും. ആരുടെ കൂട്ടും വേണ്ടാതെ എനിക്ക് ഒന്നര മണിക്കൂർ കൊണ്ട് ഗുരുവായൂരപ്പനെ കാണാൻ പോകണം. ഭൂമി പോകുന്നതിൽ സന്തോഷമേയുള്ളൂ. കാരണം നാളത്തെ തലമുറക്ക് വേണ്ടിയാണ് ഈ വികസനം. നിങ്ങൾ എതിർത്താലും ഞങ്ങൾ നടപ്പാക്കും. ജീവൻ പോയാലും നടപ്പാക്കും. രണ്ട് പെൺമക്കളുള്ള അമ്മയാണ് ഇത് പറയുന്നത്' - അവർ പറഞ്ഞു.

    Also Read- K Rail | പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല; രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍; മുഖ്യമന്ത്രി

    മം​ഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗൺസിലറുടേത്.

    ''കേന്ദ്ര മന്ത്രി വി മുരളീധരൻ ഗേറ്റ് തുറന്നുവന്നതും എന്റെ മുദ്രാവാക്യമായിരുന്നു. അദ്ദേഹത്തിന് പിന്നെ പറയാൻ ഒന്നുമുണ്ടായില്ല. മന്ദതയാണ് വന്നത്. അഞ്ഞൂറോളം പേരുണ്ടായിരുന്നു. അപ്പോൾ തന്നെ ഇനി അവിടെ നിൽക്കേണ്ട എന്നു പറഞ്ഞ് അവർ പോവുകയായിരുന്നു. കൗൺസിലറുടെ വീടെന്ന് അറിയാമായിരിക്കും. പക്ഷേ ഈ പ്രതികരണം ആരും പ്രതീക്ഷിച്ചുകാണില്ല. കൗൺസിലറാണെങ്കിലും അല്ലെങ്കിലും ഈ പ്രസ്ഥാനത്തോട് വളരെയധികം അടുപ്പമുണ്ട്. വളരെ കാലമായ ബന്ധം. പദ്ധതിക്ക് ഞങ്ങൾ അനുകൂലമാണ്. ഞങ്ങളുടെ പുരയിടത്തിന്റെ ഭാഗം പദ്ധതിക്കായി പോകും. വീടുപോകുമോ എന്ന് കല്ലിട്ടതിനുശേഷമേ പറയാൻ പറ്റൂ. സമീപത്തുള്ളവരുടെ പ്രതിഷേധത്തിൽ വലിയ കാര്യമില്ല. വസ്തു കൊടുക്കുന്നതിനോട് ആർക്കും എതിർപ്പുണ്ടെന്ന്തോന്നുന്നില്ല, അവരെല്ലാം കേന്ദ്രമന്ത്രി പറയുന്നത് കേട്ടുനിന്നു. ഞാൻ പറയാനുള്ളത് പറഞ്ഞു.''- പിന്നീട് കൗൺസിലറുടെ അമ്മ പ്രതികരിച്ചു.

    അതേസമയം, സിപിഎം കൗൺസിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'കൗൺസിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ല. സിൽവർ ലൈൻ പദ്ധതിയോടുള്ള ജനങ്ങളുടെ വികാരം മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം. ബഫർ സോണിലുള്ളവർ എന്ത് ചെയ്യണമെന്ന് സർക്കാറാണ് വ്യക്തമാക്കേണ്ടത്' -വി. മുരളീധരൻ പറഞ്ഞു.

    Also Read- Saji Cheriyan| 'കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമെന്നല്ലെ പറയുന്നത്, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?': മന്ത്രി സജി ചെറിയാൻ

    ശീതീകരിച്ച മുറിയിലിരിക്കുന്നവർ ഭൂമി നഷ്ടപ്പെടുന്നവരുമായി സംസാരിക്കണമെന്നും ഇടുന്ന കല്ല് അലൈൻമെന്റിന്റെ പേരിൽ മാറ്റിയാൽ ഇപ്പോൾ വായ്പ നിഷേധിക്കുന്നവർ എന്ത് ചെയ്യുമന്നും അദ്ദേഹം ചോദിച്ചു. കെ-റെയിൽ കല്ലിട്ടതിന്റെ പേരിലാണ് രാധാമണിക്ക് ബാങ്ക് വായ്പ നിഷേധിച്ചത്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനയാണ് കെ-റെയിൽ വിഷയത്തിൽ സർക്കാർ വൃത്തങ്ങൾ നടത്തുന്നതെന്നും പാർട്ടി കോൺഗ്രസിൽ വിഷയം സിപിഎം ചർച്ച ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.
    Published by:Rajesh V
    First published: