മാനേജ്മെൻറുകൾക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; കലങ്ങിമറിഞ്ഞ് സ്വാശ്രയ മെഡിക്കൽ പ്രവേശനം
- Published by:Naseeba TC
- news18-malayalam
Last Updated:
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 85% മെറിറ്റ് സീറ്റിൽ ഫീസ് നിർണയസമിതി നിശ്ചയിച്ചത് 6.32 ലക്ഷം മുതൽ 7.65 ലക്ഷം വരെ. മാനേജ്മെൻറുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് 11 മുതൽ 22 ലക്ഷം വരെ.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് രണ്ടിരട്ടിയിലധികം ഫീസ് ചുമത്താൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. നവംബർ 13ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കം. കോളജുകൾ ആവശ്യപ്പെടുന്ന ഫീസ് ഘടന പുറത്തുവന്നതോടെ മെഡിക്കൽ പ്രവേശനം തേടുന്ന വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കയിലാണ്. ഏഴു സ്വാശ്രയ മെഡിക്കൽ കോളജുകൾ കൂടി പുതിയ ഫീസ് ഘടന ആവശ്യപ്പെട്ട് കത്ത് നൽകി.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 85% മെറിറ്റ് സീറ്റിൽ ഫീസ് നിർണയസമിതി നിശ്ചയിച്ചത് 6.32 ലക്ഷം മുതൽ 7.65 ലക്ഷം വരെ. മാനേജ്മെൻറുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് 11 മുതൽ 22 ലക്ഷം വരെ.
ഹൈക്കോടതി വിധി
13 ലെ ഹൈക്കോടതി വിധിയിൽ നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നൽകേണ്ടിവരുമെന്ന് വിദ്യാർഥികളെ അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ 10 കോളേജുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് ഘടന അറിയിച്ചുകൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വിജ്ഞാപനമിറക്കി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ കഴിഞ്ഞ വർഷങ്ങളിലെ ഫീസ് നിർണയിച്ചുള്ള ജസ്റ്റിസ് രാജന്ദ്രബാബു സമിതിയുടെ ഉത്തരവ് കഴിഞ്ഞ മേയ് 19ന് ഹൈകോടതി റദ്ദാക്കിയിരുന്നു.
advertisement
വാദപ്രതിവാദങ്ങൾ
ആശുപത്രികളുടെ വരവ് ഒഴിവാക്കി കോളജുകളുടെ വരവ് ചെലവ് കണക്കാക്കണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. എന്നാൽ ആശുപത്രികളുടെ വരവ് കൂടി ഫീസ് നിർണയത്തിന് പരിഗണിക്കാമെന്ന സുപ്രീംകോടതി വിധി നിലവിലുണ്ടെന്നും ഇത് കൂടി പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്നുമാണ് ഫീസ് നിർണയ സമിതിയുടെ വാദം. ആശുപത്രികളുടെ വരവ് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ വരവ് ചെലവിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വിദ്യാർഥികൾക്ക് താങ്ങാനാവാത്ത ഫീസ് ചുമത്തേണ്ടിവരും.
advertisement
ഇത് അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. ഹൈകോടതി വിധി പ്രകാരം നേരത്തെ ഒരു തവണ പുതുക്കി നിശ്ചയിച്ച ഫീസ് ഘടന വീണ്ടും മാറ്റുന്നതിനോട് സർക്കാർ എതിരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എ.എം ഷഫീഖ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.
You may also like:Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ്
advertisement
വിദ്യാർഥികൾക്ക് ഓപ്ഷൻ പുനഃക്രമീകരിക്കാൻ അവസരം
പുതിയ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചക്ക് 1 മണി മുതൽ നാളെ ഉച്ചക്ക് 12 മണി വരെ ഓപ്ഷൻ പുനഃക്രമീകരിക്കാനും അവസരം നൽകി. വെള്ളിയാഴ്ചയാണ് ആദ്യ അലോട്ട്മെൻറ്. ഉയർന്ന ഫീസ് ആശങ്കയിൽ ആദ്യം ആവശ്യപ്പെട്ട കോളേജുകൾ ഒഴിവാക്കി മറ്റു സ്വാശ്രയ കോളേജുകൾ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തേക്കും. മൂന്നിരട്ടി ഫീസ് ആശങ്കയിൽ എംബിബിഎസ് ഉപേക്ഷിച്ച് ബി ഡി എസ് അടക്കം മറ്റ് കോഴ്സ് ഓപ്ഷനിലേക്ക് മാറുന്നവരും കുറവായിരിക്കില്ല.
ഏഴ് മെഡിക്കൽ കോളജുകൾ കൂടി ഉയർന്ന ഫീസ് നിരക്ക് ആവശ്യവുമായി പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകി. കോടതി ഉത്തരവിനെ തുടർന്ന് ഈ കോളജുകൾ ആവശ്യപ്പെട്ട ഫീസ് വിവരം അടുത്ത ദിവസം പ്രവേശന പരീക്ഷ കമീഷണർ വിജ്ഞാപനത്തിലൂടെ വിദ്യാർഥികളെ അറിയിക്കും. ക്രിസ്ത്യൻ മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള നാല് കോളജുകൾ 85 ശതമാനം സീറ്റുകളിലേക്ക് 7.65 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എൻ.ആർ.ഐ ക്വോട്ടയിൽ 22 ലക്ഷം രൂപ.
advertisement
പെരിന്തൽമണ്ണ എം.ഇ.എസ് 85 ശതമാനം സീറ്റിൽ 10,48,000 രൂപയും എൻ.ആർ.ഐ സീറ്റിൽ 23,69,000. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ 85 ശതമാനം സീറ്റിൽ 12 ലക്ഷം രൂപയും എൻ.ആർ.െഎയിൽ 25 ലക്ഷം. കൊല്ലം അസീസിയയിൽ 85 ശതമാനം സീറ്റിൽ 20,70,000 രൂപയും എൻ.ആർ. ഐ സീറ്റിൽ 28,75,000.
ആറ് കോളജുകൾക്കും 6,55,500 രൂപയാണ് 85 ശതമാനം സീറ്റിലേക്ക് ഫീസ് നിർണയ സമിതി നിശ്ചയിച്ചുനൽകിയത്. 20 ലക്ഷം രൂപ എൻ.ആർ.ഐ ഫീസും. കഴിഞ്ഞ ദിവസം പത്ത് കോളജുകൾ ആവശ്യപ്പെട്ട ഫീസ് വിവരമാണ് പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2020 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാനേജ്മെൻറുകൾക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; കലങ്ങിമറിഞ്ഞ് സ്വാശ്രയ മെഡിക്കൽ പ്രവേശനം