തിരുവനന്തപുരം: കേരളം ആരു ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണി തുടർഭരണം സ്വന്തമാക്കിയത്. കേരള ജനത വീണ്ടും തങ്ങളെ അധികാരത്തിലേറ്റുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മവിശ്വാസം ശരിയാകുന്നതാണ് കേരളം കണ്ടത്. വിജയത്തിന് പിന്നാലെ അടുത്ത സർക്കാരിനെ കുറിച്ചുള്ള തിരക്കിട്ട ചർച്ചകളിലേക്ക് മുഖ്യമന്ത്രി കടന്നതായാണ് വിവരം.
Also Read-
'എത്ര മര്യാദകെട്ട രീതിയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നിങ്ങള്‍ നീങ്ങിയത്'; വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുവത്വത്തിനും അനുഭവ സമ്പത്തിനും സ്ത്രീ പ്രാതിനിധ്യത്തിനും തുല്യ പരിഗണന നൽകി ഏവരെയും വിസ്മയിപ്പിക്കാനാണ് പിണറായി വിജയൻ ഒരുങ്ങുന്നത്. സാമുദായിക, പ്രാദേശിക പരിഗണനകളൊന്നും നോക്കാതെയാകും ഇത്തവണ മന്ത്രിമാരെ നിശ്ചയിക്കുക എന്നതാണ് സൂചന. സ്ഥാനാർഥി നിർണയത്തിലേത് പോലെ ഭരണതലത്തിലും തലമുറമാറ്റത്തിനാണ് സിപിഎം തയാറെടുക്കുന്നത്. രണ്ടാം പിണറായി സർക്കാരിലെ ക്യാബിനറ്റിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ അവസരം നൽകാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.
നിലവിലെ ക്യാബിനറ്റിൽ രണ്ട് വനിതകളാണുണ്ടായിരുന്നതെങ്കിൽ ഇനി സിപിഎമ്മിൽ നിന്ന് മാത്രം മൂന്ന് വനിതകൾക്കെങ്കിലും അവസരം ലഭിച്ചേക്കും. നിലവിലെ മന്ത്രി കെ കെ ശൈലജയ്ക്കൊപ്പം ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച തൃശൂർ കോർപറേഷൻ മുൻമേയർ ഡോ. ബിന്ദുവിനെയും ആറന്മുളയിൽ നിന്ന് രണ്ടാം തവണയും സഭയിലെത്തിയ വീണ ജോർജിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. ഒരു നിയമസഭാംഗമുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്നാണ് തീരുമാനമെങ്കിൽ 15 മന്ത്രിസ്ഥാനങ്ങൾ വരെ സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. യുവനേതാക്കളായ എ എൻ ഷംസീർ, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, തിരുവനന്തപുരം മുൻ മേയർ വി കെ പ്രശാന്ത് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടേക്കാം.
Also Read-
'എന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ല'; ഇനി മത്സരിക്കാനില്ലെന്ന് അനില്‍ അക്കരഇതു കൂടാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദൻ, മുൻ എംപിമാരായ കെ എൻ ബാലഗോപാൽ, പി രാാജീവ്, മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ, മുൻ എംഎൽഎയായ വി എൻ വാസവൻ എന്നിവരെയും പരിഗണിച്ചേക്കാം. മാനന്തവാടിയിൽ നിന്ന് മത്സരിക്കുന്ന ഒ ആർ കേളു, ആലപ്പുഴയിൽ നിന്നുള്ള പി പി ചിത്തരഞ്ജൻ, സജി ചെറിയാൻ, നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്ത വി ശിവൻകുട്ടി എന്നിവരുടെ പേരുകളും പരിഗണനക്ക് വരാം.
നിലവിലെ മന്ത്രിസഭയിൽ അംഗങ്ങളായ എം എം മണി, എ സി മൊയ്തീൻ, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ കാര്യത്തിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. ആരോപണങ്ങൾ നേരിടുകയും ഹൈക്കോടതിയിൽ നിന്ന് വിമർശനവും കേൾക്കേണ്ടിവന്നതിനെ തുടർന്ന് രാജിവെക്കേണ്ട കെ ടി ജലീലിന് ഇനി അവസരം ലഭിക്കാൻ സാധ്യതയില്ല.
Also Read-
'ഈ മഹാ വിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻകോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്നതിനാൽ വലിയ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഇനി എത്രയും വേഗത്തിൽ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. മന്ത്രിസഭയിൽ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.