പെരുന്നയിൽ മാത്രമല്ല മന്നത്തിന് പുഷ്പാർച്ചന ഇനി ഡൽഹിയിലും; മന്നം സ്മാരകത്തിന് മാർച്ച് 25ന് തറക്കല്ലിടും
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 25ന് ബംഗാള്‍ ഗവർണർ സി വി ആനന്ദബോസാണ് സ്മാരകത്തിന് തറക്കല്ലിടുന്നത്. ആറുമാസം കൊണ്ട് സ്മാരക നിർമാണം പൂർത്തിയാക്കുമെന്നാണ് സംഘാടകർ പറയുന്നത്
ന്യൂഡൽഹി: ഔദ്യോഗികസ്ഥാനത്തുള്ള പ്രമുഖർക്ക് എൻഎസ്എസ് ആസ്ഥാനമായ ചങ്ങനാശ്ശേരി പെരുന്ന മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്കുള്ള അനുമതി നിഷേധിക്കുന്നത് പതിവാകുന്ന അവസരത്തിൽ ഡൽഹിയിൽ മന്നത്തിന് സ്മാരകം വരുന്നു. ഡല്‍ഹി എൻഎസ്എസിന്റെ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്. കേരളത്തിലെ എൻഎസ്എസുമായി ബന്ധമില്ലാത്ത കൂട്ടായ്മയാണിത്. ഈ മാസം 25ന് സ്മാരകത്തിന് തറക്കല്ലിടും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ നേരത്തെ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസിനും ഏറ്റവും ഒടുവിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും അനുമതി നിഷേധിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ഇതും വായിക്കുക: ഉപരാഷ്ട്രപതിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുള്ള ആവശ്യം എന്‍എസ്എസ് നിരസിച്ചു
ബംഗാൾ ഗവർണറായി ചുമതലയേറ്റെടുത്തശേഷം പെരുന്നയിലെത്തിയപ്പോൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ആനന്ദബോസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പെരുന്നയിൽ പോകുന്നത് ഗേറ്റിൽ നിൽക്കുന്ന ആളെ കാണാനല്ലെന്നും ആചാര്യന് ആദരാഞ്ജലി അർപ്പിക്കാനാണെന്നും ആനന്ദ ബോസ് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം ആനന്ദബോസ് മുന്നോട്ടുവച്ചിരുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടിയുള്ള നീക്കമാണ് അദ്ദേഹത്തിന്റേതെന്നും തിരിച്ചടിച്ചിരുന്നു.
advertisement
ഇതും വായിക്കുക: മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ഗവർണര്‍ ആനന്ദബോസ്; അങ്ങനെയൊരു സംഭവമേയില്ലെന്ന് NSS
കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചത്. ചങ്ങനാശ്ശേരി എസ് ബി കോളേജിലെ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. എന്നാൽ ക്ഷേത്രത്തിന് സമാനമായി പരിപാലിക്കുന്ന സമാധിയില്‍ ഡോഗ് സ്ക്വാഡും സുരക്ഷാ പരിശോധകരും കയറുമെന്നതുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്നാണ് സുകുമാരൻ നായര്‍ വിശദീകരിച്ചത്.
പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ച നടത്താനായുള്ള അനുമതിക്ക് ഏറെ കടമ്പകൾ കടക്കണമെന്നും ഇതൊന്നുമില്ലാതെ തന്നെ എല്ലാവർക്കും അനുമതി ലഭിക്കുന്നതരത്തിലാണ് ഡൽഹിയിലെ മന്നം സ്മാരകമെന്നും സംഘാടകർ പറയുന്നു. ദേശീയ നേതാക്കൾക്കടക്കം മന്നത്ത് പത്മനാഭന് ആദരം അർപ്പിക്കുന്നതിന്
advertisement
ഇനി തടസമുണ്ടാകില്ല.
ഈ മാസം 25ന് ബംഗാള്‍ ഗവർണർ സി വി ആനന്ദബോസാണ് സ്മാരകത്തിന് തറക്കല്ലിടുന്നത്. ആറുമാസം കൊണ്ട് സ്മാരക നിർമാണം പൂർത്തിയാക്കുമെന്നാണ് സംഘാടകർ പറയുന്നത്. ഡല്‍ഹിയിൽ മന്നത്തിന് സ്മാരകം വേണമെന്നും ഒരു മാസത്തെ ശമ്പളം നൽകാമെന്നും ആനന്ദബോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ സ്മാരക നിര്‍മാണത്തിന് കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നാണ് സൂചന.
Summary: A new memorial for social reformer Mannathu Padmanabhan is set to be constructed in New Delhi, providing an alternative site for national leaders to pay their respects. The move comes after the NSS leadership in Perunna (Kerala) denied permission for Vice President C.P. Radhakrishnan and West Bengal Governor C.V. Ananda Bose to offer floral tributes at the Mannam Samadhi, citing security and ritualistic reasons.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 04, 2026 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരുന്നയിൽ മാത്രമല്ല മന്നത്തിന് പുഷ്പാർച്ചന ഇനി ഡൽഹിയിലും; മന്നം സ്മാരകത്തിന് മാർച്ച് 25ന് തറക്കല്ലിടും









