Kerala Secretariat Fire | 'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്': ചീഫ് എൻജിനീയറുടെ കണ്ടെത്തൽ പങ്കുവച്ച് മന്ത്രി ജി. സുധാകരൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മഹാമാരിയുടെ കാലത്ത് സത്യത്തിനു പുറം തിരിഞ്ഞു കൊണ്ട് പ്രതിപക്ഷം നടത്തുന്നത് ജനദ്രോഹമാണെന്നും മന്ത്രി ജി സുധാകരൻ.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പങ്കുവച്ച് മന്ത്രി ജി. സുധാകരൻ. വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കർട്ടനിലും ഷെൽഫിലും വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തൽ. പ്രഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
'"ഇന്ന് രാവിലെ 11 മണിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഓഗസ്റ്റ് 24, 25 തീയതികളിൽ കോവിഡ് മാനദണ്ഡപ്രകാരം അണു വിമുക്തമാക്കി അടച്ചിട്ട മുറിയിലെ വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കർട്ടനിലും ഷെൽഫിലും വീണതാണ് അപകട കാരണം എന്ന് സൂചിപ്പിക്കുന്നു. ഈ പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്."- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തീപിടുത്തമുണ്ടായി എന്ന അറിവ് ലഭിച്ചയുടൻ തന്നെ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എൻജിനീയർ സ്ഥലം സന്ദർശിക്കുകയും പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തെന്നും മന്ത്രി പറയുന്നു. ഈ സമയം താൻ സെക്രട്ടേറിയറ്റിലെ ഓഫീസിലുണ്ടായിരുന്നു. അറിഞ്ഞയുടൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ, ചീഫ് ഇലക്ട്രിക് എൻജിനീയർ എന്നിവർക്കൊപ്പം സംഭവ സ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.
advertisement
ഈ വിഷയത്തിൽ വിശദമായ അന്വഷണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ അടങ്ങുന്ന ഉന്നതതല കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കമ്മിറ്റി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
"തീർത്തും സുതാര്യമായ നടപടിക്രമങ്ങളുമായി സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും മുന്നേറുമ്പോൾ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ട് നാട്ടിൽ കലാപമഴിച്ചു വിടാനുള്ള ശ്രമങ്ങളിൽ നിന്നും പ്രതിപക്ഷ കക്ഷികൾ പിൻമാറുമെന്ന് നമുക്കാശിക്കാം. ഈ മഹാമാരിയുടെ കാലത്ത് സത്യത്തിനു പുറം തിരിഞ്ഞു കൊണ്ട് നിങ്ങൾ നടത്തുന്നത് ജനദ്രോഹമാണ്."- മന്ത്രി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 26, 2020 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire | 'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്': ചീഫ് എൻജിനീയറുടെ കണ്ടെത്തൽ പങ്കുവച്ച് മന്ത്രി ജി. സുധാകരൻ