• HOME
  • »
  • NEWS
  • »
  • kerala
  • »
  • കിൻഫ്ര തീപിടിത്തം: ഫയർമാൻ രഞ്ജിത്ത് മരിച്ചത് രക്ഷാപ്രവർത്തനത്തിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണതിനെ തുടർന്ന്

കിൻഫ്ര തീപിടിത്തം: ഫയർമാൻ രഞ്ജിത്ത് മരിച്ചത് രക്ഷാപ്രവർത്തനത്തിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണതിനെ തുടർന്ന്

തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു

  • Share this:

    തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീപിടിച്ചുണ്ടായ അപകടത്തിനിടെ രക്ഷാപ്രവർത്തനം നടത്തിയ ഫയർമാന് ദാരുണ അന്ത്യം. ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാനായ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരണപ്പെട്ടത്. തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

    കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും 3.50 ന് മരണപ്പെടുകയായിരുന്നു. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ദേഹമാസകലം പരിക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

    തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരണ കേന്ദ്രത്തിനാണ് ഇന്ന് പുലർച്ചെ 1.30 ഓടെ തീപിടിച്ചത്. വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. ഈ സമയം സെക്യൂരിറ്റി മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. ഫോറൻസിക് വിദഗ്ദർ ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.

    Also Read- തിരുവനന്തപുരത്ത് കേരള മെഡിക്കൽ കോർപ്പറേഷൻ ഗോഡൗണിൽ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഓഫീസർ മരിച്ചു

    ചെങ്കൽചൂള,കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് തീയണയ്ക്കാനായി സ്ഥലത്ത് എത്തിച്ചേർന്നത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

    Published by:Anuraj GR
    First published: