തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; 20 പേര്‍ ചികിത്സ തേടി
- Published by:Rajesh V
- news18-malayalam
Last Updated:
ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു
തിരുവനന്തപുരം മണക്കാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി.
ഭക്ഷണശാലയിൽനിന്ന് ലഭിച്ച മസാല പുരട്ടിയ ചിക്കനും മയണൈസും പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനാഫലം ലഭിച്ചതിനുശേഷം തുടർനടപടി തീരുമാനിക്കും. ഷവർമയ്ക്ക് ഒപ്പം കഴിച്ച മയണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പത്തുപേരും മണക്കാട്, ആനയറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് മറ്റുള്ളവർ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റതിൽ ഭൂരിപക്ഷവും കിള്ളിപ്പാലം, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട ഭാഗങ്ങളിലുള്ളവരാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 20, 2025 2:49 PM IST