KSEB| 'സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദകേട്; വാഹന ഉപയോഗത്തിൽ പരാതിയില്ല': മുൻ വൈദ്യുതി മന്ത്രി എം.എം. മണി
- Published by:Rajesh V
- news18-malayalam
Last Updated:
''സുരേഷ് കുമാര്‍ സംഘടനാ നേതാവായതിനാല്‍ അയാളെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി നടക്കുന്ന ശ്രമങ്ങളാണ് കാണുന്നത്''
തിരുവനന്തപുരം: വാഹനം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി (KSEB) ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുന്‍ വൈദ്യുതി മന്ത്രി എം എം മണി (MM Mani). വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ല. താന്‍ മന്ത്രിയും ചെയര്‍മാനുമായിരുന്ന കാലത്ത് ബോര്‍ഡും സര്‍ക്കാരും ഓരോ വാഹനങ്ങള്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ വകുപ്പ് മന്ത്രി അല്ലാത്തതിനാല്‍ അതൊന്നും അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് മന്ത്രിയുടേയും മന്ത്രിയുടെ ഓഫീസിന്റേയും നിര്‍ദേശം അനുസരിച്ചാണ് സുരേഷ് കുമാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വാഹനം ഉപയോഗിച്ചിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്. രേഖകളൊക്കെ ബന്ധപ്പെട്ടവര്‍ക്ക് വേണമെങ്കില്‍ മാറ്റാമല്ലോ. സുരേഷ് കുമാര്‍ സംഘടനാ നേതാവായതിനാല്‍ അയാളെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി നടക്കുന്ന ശ്രമങ്ങളാണ് കാണുന്നത്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അദ്ദേഹം ആയതിനാലുള്ള പരിപാടികളാണ് ഇതെല്ലാമെന്നും എം എം മണി പ്രതികരിച്ചു.
എം ജി സുരേഷ് കുമാര്‍ അനധികൃതമായി വാഹനമുപയോഗിച്ചു എന്ന് കാണിച്ച് കെഎസ്ഇബി 6,72,560 രൂപ പിഴയിട്ടിരുന്നു. കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മുന്‍ വൈദ്യുതി മന്ത്രി എം എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഈ മാസം 19നാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക് സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.
advertisement
കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത്.
അതേസമയം, സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് എം ജി സുരേഷ് കുമാർ ന്യൂസ് 18നോട് പറഞ്ഞു. നോട്ടീസ് കിട്ടിയിട്ടില്ല. തനിക്കെതിരെ വാർത്തയുണ്ടാക്കാൻ ശ്രമം നടന്നു. തന്നോട് വിശദീകരണം ചോദിക്കാതെ മീഡിയക്ക് നൽകിയത് വ്യക്തിഹത്യ നടത്താനാണ്. ഈ നിമിഷം വരെ വിശദീകരണം ചോദിച്ചിട്ടില്ല. വ്യക്തിപരമായ ആരോപണം സംഘടനയുമായി കൂട്ടി കെട്ടണ്ട. ഇത് പ്രതികാര നടപടിയാണോ എന്ന് കാണുന്ന വർക്ക് അറിയാം. ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായാണ് വാഹനം ഉപയോഗിച്ചത്. ഔദ്യോഗിക യാത്രക്കിടയിൽ വീട്ടിൽ പോയത് തെറ്റല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
advertisement
കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. കെഎസ്ഇബി ചെയര്‍മാന്റെ വിലക്ക് ലംഘിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് സുരേഷ് കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സ്ഥലംമാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2022 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB| 'സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദകേട്; വാഹന ഉപയോഗത്തിൽ പരാതിയില്ല': മുൻ വൈദ്യുതി മന്ത്രി എം.എം. മണി