'80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു'; പാലൊളി മുഹമ്മദ് കുട്ടി

Last Updated:

ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു എല്‍ഡിഎഫ് നിലപാട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലൊളി മുഹമ്മദ് കുട്ടി
പാലൊളി മുഹമ്മദ് കുട്ടി
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. 80:20 അനുപാതം എല്‍ഡിഎഫ് സര്‍ക്കാരല്ല കൊണ്ടുവന്നതെന്ന് പാലൊളി പറഞ്ഞു. മുസ്ലിം ലീഗിന് വഴങ്ങിയാണ് യുഡിഎഫ് ഈ അനുപാതം നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ 80:20 അനുപാതം കൊണ്ടുവരാന്‍ കാരണം അനത്തെ സര്‍ക്കാരിലെ കോണ്‍ഗ്രസ്- ലീഗ് ബലാബലം ആണ്. ഇത് സാമുദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു എല്‍ഡിഎഫ് നിലപാട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിയെ ഒരു വിവേചനം നടക്കുന്നതിനെതിരായ വിധിയായി കാണാനാകുമെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. 80:20 എന്ന രീതിയിലുള്ള സമീപനം എടുത്തത് മറ്റ് സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടവന്നിട്ടുണ്ട്. 2011 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ വിഷയത്തില്‍ വരുത്തിയ മാറ്റമാണ് 80:20 എന്ന അനുപാതത്തിലെത്താന്‍ കാരണമായത്. ഇത്രയും വലിയൊരു വിവേചനം വന്നു എന്നൊരു വികാരം മറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സഹായകരമായി. അത്തരം ഒരു വിഭജനം വേണ്ടിയിരുന്നില്ല എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
80:20 അനുപാതം വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ഇടവരുത്തുന്നാതാണ്. അതാണ് അപകടവും. വളരെ വികാരപരമായി പ്രശ്‌നം ഉയര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ ചിന്തയിലേക്ക് പോകാനും ഇടവരുത്തുന്ന നടപടിയായിപ്പോയി 80:20 അനുപാതമെന്നും അദ്ദേഹം പറഞ്ഞു.
Also Read- ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണം: 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി 
ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാനാണ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത്. സ്കോളർഷിപ് വിതരണത്തിൽ നിലവിലെ 80:20 അനുപാതം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കുകയും ചെയ്തു. മുസ്ലിങ്ങൾക്ക് 80%, ലത്തീൻ കത്തോലിക്കാ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കായി 20% എന്നിങ്ങനെ തരംതിരിച്ച് അനുപാതം നിശ്ചയിച്ചത് ഉൾപ്പെടെ 3 സർക്കാർ ഉത്തരവുകൾ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
advertisement
സംസ്ഥാനത്തെ ജനസംഖ്യാ അനുപാതം അനുസരിച്ചു ക്രൈസ്തവർക്ക് അർഹമായതു കണക്കിലെടുക്കാതെ, മുസ്ലിം വിഭാഗത്തിന് 80% സ്കോളർഷിപ് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. ന്യൂനപക്ഷ കമ്മീഷന്റെ നിയമ വ്യവസ്ഥകളെ സർക്കാർ ഉത്തരവ് കൊണ്ടു മറികടക്കാനാവില്ലെന്നും കോടതി പറഞ്ഞു. ന്യൂനപക്ഷങ്ങളെ മുസ്ലിം,, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമാക്കണമെന്നും വാദിച്ചു പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കലാണ് ഹർജി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു'; പാലൊളി മുഹമ്മദ് കുട്ടി
Next Article
advertisement
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
  • കമൽ ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്നതായി കമൽ SIIMA 2025-ൽ സ്ഥിരീകരിച്ചു.

  • രാജ് കമൽ ഫിലിംസ്, റെഡ് ജയന്റ് മൂവീസിന്റെ സംയുക്ത നിർമ്മാണത്തിൽ പുതിയ ചിത്രം.

  • രജനീകാന്തിനൊപ്പം സിനിമയിൽ മത്സരമല്ല, ബഹുമാനമാണെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

View All
advertisement