തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മുസ്ലിംലീഗിന്റെ സമ്മർദത്തിന് വഴങ്ങി കോൺഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഹൈക്കോടതി വിധിയോടെ തകർന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫ് സർക്കാർ തീരുമാനിക്കുകയും എൽഡിഎഫ് തുടർന്നുപോരുകയും ചെയ്ത അനീതിക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയിട്ടിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെ ടി ജലീലാണ് ഈ അനീതിയുടെ ഖഡ്ഗം ക്രൈസ്തവർക്കെതിരെ ഏറ്റവും രൂക്ഷമായി ഉപയോഗിച്ചത്. ഹൈക്കോടതി വിധിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നായർ, ക്രൈസ്തവർക്ക് സാമാന്യ നീതി നിഷേധിക്കരുതെന്നും ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ 80 % മുസ്ലിം വിഭാഗത്തിനും 20 % മാത്രം ക്രൈസ്തവർക്കും നൽകാൻ 2015ൽ യുഡിഎഫ് സർക്കാർ തീരുമാനിക്കുകയും എൽഡിഎഫ് തുടർന്നു പോരുകയും ചെയ്ത അനീതിക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടയിട്ടിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഇന്ന് ഹൈക്കോടതി വിധിയോടെ തകർന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെ ടി ജലീലാണ് ഈ അനീതിയുടെ ഖഡ്ഗം ക്രൈസ്തവർക്കെതിരെ ഏറ്റവും രൂക്ഷമായി ഉപയോഗിച്ചത്.
ഈ ഹൈക്കോടതി വിധിക്കെതിരായി ന്യൂനപക്ഷ വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയിൽ പോകുമോ ? മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം. ക്രൈസ്തവർക്ക് സമാന്യ നീതി നിഷേധിക്കരുത്.
Also Read-
' 80:20 അനുപാതം മുസ്ലിങ്ങളോട് അന്നത്തെ സർക്കാർ കാണിച്ച ചതി': SKSSF നേതാവ് സത്താർ പന്തലൂർ
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആനുകൂല്യ വിതരണത്തിലെ 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യ കണക്കനുസരിച്ച് അനുപാതം പുനർ നിശ്ചയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അനുപാതം 80:20 ആയി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് റദ്ദാക്കിയത്. അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പദ്ധതികളിൽ 80 ശതമാനം മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു നിലവിലെ അനുപാതം. നിലവിലെ ജനസംഖ്യ പരിശോധിച്ച് ഈ അനുപാതം പുതുക്കണമെന്നാണ് കോടതി നിർദ്ദേശം. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.
ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ കോടതിയിൽ ഉയര്‍ത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.