ഊണും ഉറക്കവുമില്ലാതെ ഗെയിം കളി; ‘ഫ്രീഫയര്‍’ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാർഥി ജീവനൊടുക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു.
തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമയായി തിരുവനന്തപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിയിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു. മിടുക്കനായ വിദ്യാർഥിയായിരുന്നു അനുജിത്ത്. എന്നാല്‍ മൊബൈല്‍ ഗെയിം അനുജിത്തിന്‍റെ സ്വഭാവം മാറ്റി. ഫ്രീഫയര്‍ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നത് കേള്‍ക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്.
മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി. വീട്ടില്‍ വഴക്കിട്ട് വലിയ വിലയുള്ള മൊബൈല്‍ ഫോണും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിം കളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കായിരുന്നു. ഉയര്‍ന്ന തുകയ്ക്ക് റീചാര്‍ജ് ചെയ്യണമെന്നായിരുന്നു ആവശ്യം.
advertisement
എന്താണ് ഫ്രീഫയർ ഗെയിം
പബ്ജിക്ക് സമാനമായ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. കട്ടപ്പനയിലെ പതിനാലുകാരനെ മരണത്തിലേക്ക് തള്ളിയിട്ടതും ഈ ഗെയിമാണ്. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയില്‍ വ്യതിയാനം കാട്ടിയ കുട്ടികള്‍ ചികിത്സ തേടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. 2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമാണിത്. എന്നാൽ ലോക് ഡൗൺ കാലത്താണ് ഇത് അരങ്ങ് വാണത്.
ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്‍റെ അടുത്തഘട്ടത്തിലേക്ക് പോകാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളുടെ അക്കൗണ്ട് ചോര്‍ത്തുന്നവരും കൂടി വരികയാണ്. ഫ്രീഫയര്‍ കളിച്ച് കൂടുതല്‍ പോയിന്‍റ് നേടി ആ പ്രൊഫൈല്‍ തന്നെ വില്‍ക്കുന്ന സംഘങ്ങളുണ്ട് കേരളത്തില്‍ എന്നാണ് റിപ്പോർട്ടുകൾ. ഗെയിമിനടിമപ്പെട്ട കുട്ടികള്‍ ഫോണ്‍ ലഭിക്കാതെ വന്നാല്‍ അക്രമാസക്തരുമാകുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി.
advertisement
കൊച്ചിയിൽ കുട്ടി കളിച്ച് കളഞ്ഞത് അമ്മയുടെ മൂന്നുലക്ഷം രൂപ
എറണാകുളം ആലുവയിൽ ഹൈസ്കൂള്‍ വിദ്യാര്‍ഥി മൊബൈൽ ഗെയിം കളിച്ച് വൻതുക നഷ്ടപ്പെടുത്തി. ആലുവ സ്വദേശിയായ ഒൻപതാം ക്ലാസുകാരനാണ് അമ്മയുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയത്. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കാണിച്ച് അമ്മയാണ് പരാതിയുമായി എത്തിയത്. തുടര്‍ന്ന് വിഷയത്തിൽ അന്വേഷണം നടത്തിയതോടെയാണ് മകനാണ് പണം കളിച്ച് കളഞ്ഞതായി കണ്ടെത്തിയത്. പിന്നീട് കേസ് വേണ്ടെന്ന് അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.
സദാസമയവും ഗെയിം കളിച്ചിരുന്ന കുട്ടി പലപ്പോഴായി ഗെയിമിനുള്ളിൽ പുതിയ സ്കിന്നുകള്‍, ആയുധങ്ങള്‍ തുടങ്ങിയവയ്ക്കായി നാൽപതു രൂപ മുതൽ നാലായിരത്തോളം രൂപ വരെ ചെലവഴിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും വഴിയാണ് പണം മുടക്കേണ്ടത്. ഇത്തരത്തിൽ ഒരു ദിവസം തന്നെ കുട്ടി പത്ത് തവണ വരെ പണം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറഞ്ഞു. പല ദിവസങ്ങളിലായി പണം നഷ്ടപ്പെട്ടെങ്കിലും വൻതുക പോയതിനു ശേഷമായിരുന്നു മാതാപിതാക്കള്‍ വിവരമറിഞ്ഞത്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഊണും ഉറക്കവുമില്ലാതെ ഗെയിം കളി; ‘ഫ്രീഫയര്‍’ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാർഥി ജീവനൊടുക്കി