കംപാർട്ട്മെന്റ് മാറിക്കയറിയത് ദൈവനിയോഗം; ട്രെയിനിൽ നിന്ന് വീഴാനൊരുങ്ങിയ ജീവൻ കയ്യെത്തിപ്പിടിച്ച് ഉഷ
- Published by:Rajesh V
- news18-malayalam
Last Updated:
ഡി 1 വഴി എ സി കംപാർട്ട്മെന്റിലേക്ക് നടക്കുമ്പോൾ ഒരു കരച്ചില്‍ കേട്ടു. ഒരു കൈ കണ്ടതോടെ ഉഷ അതിൽ ചാടിപ്പിടിച്ചു. ഉറക്കെ അലറിവിളിച്ചു. അതുകേട്ട് മറ്റുചിലരും ഓടിയെത്തി
കൊച്ചി: വ്യാഴം പുലർച്ചെ 5.25. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ രാവിലെ വഞ്ചിനാട് എക്സ്പ്രസ് എത്തി. പതിവുപോലെ എ സി കംപാർട്മെന്റിൽ കയറാനൊരുങ്ങിയതാണ് ഉഷ സുരേഷ്ബാബു (59). എന്നാൽ തിരക്കുകാരണം പകരം ഡി1ൽ കയറി. ഒരു ജീവൻ രക്ഷിക്കാനുള്ള ദൈവനിയോഗമായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന സംഭവമാണ് പിന്നീടുണ്ടായത്. ഒരുമിനിറ്റ് മാത്രമാണ് ഇവിടെ വഞ്ചിനാടിന് സ്റ്റോപ്പുള്ളത്. ട്രെയിൻ എടുക്കുമ്പോൾ ഊർന്നുവീഴുന്നൊരു ജീവന് ഉഷ രക്ഷകയായി.
ഡി 1 വഴി എ സി കംപാർട്ട്മെന്റിലേക്ക് നടക്കുമ്പോൾ ഒരു കരച്ചില്‍ കേട്ടു. ഒരു കൈ കണ്ടതോടെ ഉഷ അതിൽ ചാടിപ്പിടിച്ചു. ഉറക്കെ അലറിവിളിച്ചു. അതുകേട്ട് മറ്റുചിലരും ഓടിയെത്തി. ഇതിനിടെ അതിലൊരാളുടെ സഹായത്തോടെ ട്രെയിനിൽ നിന്ന് വീഴാനൊരുങ്ങിയയാളെ വലിച്ചുകയറ്റി. മഹാരാജാസ് കോളേജിലെ രണ്ട് അധ്യാപകർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതും തുണയായി. വഞ്ചിനാട് എക്സ്പ്രസ് സ്റ്റേഷനിൽ നിന്നെടുക്കുമ്പോൾ എസി കംപാർട്മെന്റിലേക്കു ചാടിക്കയറാൻ ശ്രമിച്ചയാളാണ് അപകടത്തിൽപെട്ടത്. ഇയാളെ ടിടിഇയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ ഇറക്കിയതിനു ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്. ടിക്കറ്റ് ഇല്ലാത്തതിനാൽ ടിടിആർ തൃപ്പൂണിത്തുറയിൽ ഇറക്കിവിട്ട ഇതരസംസ്ഥാനക്കാരനായിരുന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്.
advertisement
തൃപ്പൂണിത്തുറയിൽനിന്ന് ട്രെയിൻ വിട്ടപ്പോൾ ചാടിക്കയറാൻ നോക്കിയതാകാം അപകടകാരണം. കാലിന് പരിക്കേറ്റ ആളെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ പ്രാഥമികചികിത്സയ്‌ക്കുശേഷം എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകരായ ഡോ. സുമി ജോയ് ഒലിയപ്പുറവും ഡോ. സന്തോഷ് ടി വർഗീസുമാണ് ആദ്യം ഓടിയെത്തിയത്. ഇരുവരും പരിശീലനത്തിനായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയത് സന്തോഷാണ്. സുഹൃത്തിന്റെ അവസരോചിത ഇടപെടലിന് നന്ദി പറഞ്ഞ് ഡോ. സുമി എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
advertisement
എസ് എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷന് സമീപത്തെ തറയപറമ്പിൽ ലെയ്‌നിലെ തേജസിലാണ് ഉഷയുടെ താമസം. വിഎൽസിസിയിൽ ന്യൂട്രീഷൻ ഫാക്കൽറ്റിയാണ്. ആഴ്ചയിലൊരിക്കൽ തിരുവനന്തപുരം ചിറയിൻകീഴിലെ ക്ലിനിക്കിലും സേവനം ചെയ്യുന്നുണ്ട്. ടി സുരേഷ്ബാബുവാണ് ഉഷയുടെ ഭർത്താവ്. ഏക മകൻ വിഷ്ണുവും കുടുംബവും ഹൈദരാബാദിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 01, 2025 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കംപാർട്ട്മെന്റ് മാറിക്കയറിയത് ദൈവനിയോഗം; ട്രെയിനിൽ നിന്ന് വീഴാനൊരുങ്ങിയ ജീവൻ കയ്യെത്തിപ്പിടിച്ച് ഉഷ