തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. 'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല'- ഇതായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു പ്രതികരണം.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ കുറിച്ച് പരാമർശിക്കാതെയുള്ളതായിരുന്ന മന്ത്രിയുടെ കുറിപ്പ്. മാധ്യമ പ്രവർത്തകർ മന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഫോണിൽ ലഭ്യമായിരുന്നില്ല. വാർത്ത പുറത്തുവന്നതിനു പിന്നാലെ രാത്രി 8.45 ഓടെയാണ് പോസ്ബുക്കിൽ രണ്ടു വരി കുറിപ്പ് പങ്കുവച്ചത്.
അതേസമയം ജലീലിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലുൾപ്പെടെ പ്രതിഷേധം അരങ്ങേറുകയാണ്. മന്ത്രിയുടെ വീട്ടിലേക്ക് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
ധാർമ്മികതയുണ്ടെങ്കിൽ മന്ത്രി ജലീൽ ഒരു നിമിഷം പാഴാക്കാതെ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enforcement Directorate, Gold Smuggle, Gold Smuggling Case, Gold Smuggling In Diplomatic Channel, Kerala Gold Smuggling, NIA