കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതീയവിവേചനവും മാനസിക പീഡനവും: കമ്മീഷന്റെ കണ്ടെത്തൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചലച്ചിത്ര പഠനം, പരിശീലനം എന്നിവയെപ്പറ്റി വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്നും കമ്മീഷൻ കണ്ടെത്തി
കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും എതിരെ നിരന്തരം മാനസികപീഡനങ്ങളും നടക്കുന്നതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മീഷന്റെ കണ്ടെത്തൽ. സ്ഥാപനത്തിന്റെ ഡയറക്ടർ ശങ്കർ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്.
ഡയറക്ടറായി 2019ലാണ് ശങ്കർ മോഹൻ ചുമതലയേൽക്കുന്നത്. ഇതിനു ശേഷം ജാതീയ വിവേചനങ്ങളും മാനസിക പീഡനങ്ങളും തുടർന്നു. ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പരാതിയെ തുടർന്ന് സർക്കാർ അന്വേഷണത്തിനായി 3 അംഗ സമിതിയെ നിയോഗിച്ചുവെങ്കിലും തുടർ നടപടിയുണ്ടായില്ല. ഡയറക്ടറുടെ തെറ്റായ നടപടികളെക്കുറിച്ച് ജീവനക്കാരും വിദ്യാർത്ഥികളും നൽകിയ വിശദമായ മൊഴിയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ചലച്ചിത്ര പഠനം, പരിശീലനം എന്നിവയെപ്പറ്റി വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. സംവരണ സീറ്റിൽ ഒഴിവ് ഉണ്ടായിരുന്നിട്ടും അതു നികത്താൻ തയാറായിട്ടില്ല. മൊഴിയെടുക്കാനെത്തിയ ഉന്നത കമ്മീഷനോട് ഒരു തവണ സഹകരിച്ചെങ്കിലും പിന്നീട് ശങ്കർ മോഹൻ നിസ്സഹകരണം പുലർത്തിയതായും സൂചനയുണ്ട്.
advertisement
അതേ സമയം ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ടിൽ പരാമർശമില്ല. മുൻ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ ജയകുമാർ, ന്യുവാൽസ് മുൻ വൈസ് ചാൻസലർ ഡോ. എൻ കെ ജയകുമാർ എന്നിവരാണ് ഉന്നത കമ്മീഷൻ അംഗങ്ങൾ. റിപ്പോർട്ട് താമസിയാതെ സർക്കാർ പുറത്തുവിടും.
അതേസമയം, കെ ആർ നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്സ് ഒരാഴ്ച കൂടി അടച്ചിടാൻ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു. ഈ മാസം 21 വരെയാണ് അടച്ചിടുക. വിദ്യാർത്ഥി സമരത്തെത്തുടർന്ന് 15 വരെ അടച്ചിരുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
January 16, 2023 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതീയവിവേചനവും മാനസിക പീഡനവും: കമ്മീഷന്റെ കണ്ടെത്തൽ