ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകള്‍ക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്നും ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ കാലത്ത് ഹോട്ടല്‍ വ്യവസായം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകള്‍, നമ്മുടെ സമൂഹത്തിലെ ധാരാളം പേര്‍ ഹോട്ടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അവര്‍ ഹോട്ടല്‍ ഭക്ഷണമാണ് എല്ലായ്പ്പോഴും കഴിക്കുന്നത്. അവരെ നല്ല രീതിയില്‍ കണ്ടുകൊണ്ട് ഭക്ഷണം നല്‍കിയിരുന്ന നിലയാണ് നാട്ടില്‍ ഉണ്ടായിരുന്നത്.
നമ്മുടെ നാടിന്‍റെ ഭക്ഷണരീതി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.അക്കാലത്തൊന്നും കേരളത്തിലെ ഹോട്ടലുകളെ കുറിച്ച് പരാതികളൊന്നും പൊതുവെ ഉണ്ടായിട്ടില്ല. പുതിയ പരീക്ഷണങ്ങളും രീതികളും അപൂര്‍വം ചിലര്‍ നടത്തുമ്പോഴാണ ് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നത്. ഒരു ഹോട്ടല്‍ സാധാരണ നിലയില്‍ അമ്മയുടെ സ്ഥാനത്താണ് നില്‍ക്കുന്നത്. അമ്മയുടെ അടുത്തെത്തി ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സംതൃപ്തിയാണ് ഹോട്ടലുകള്‍ നല്‍കേണ്ടത്. ഇത് ഒരു പ്രതിജ്ഞാ വാചകമായി ഏറ്റെടുത്ത് കൊണ്ട് .ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിന്‍റെ ആരോഗ്യം നല്ല രീതിയില്‍ പുലരുന്നതിന് സഹായിക്കുന്നവരാണ് ഹോട്ടല്‍ ഉടമകള്‍. ആ ധാരണയില്‍ കാര്യങ്ങള്‍ നീക്കുന്നതിന് എല്ലാവരെയും പ്രാപ്തരാക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.