ബിജെപിക്ക് പാലക്കാട് കുറഞ്ഞ പതിനായിരം ചേലക്കരയിൽ കൂടിയോ? മൂന്നു മുന്നണികൾക്ക് വോട്ട് കൂടിയതും കുറഞ്ഞതും
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
പാലക്കാട് കോൺഗ്രസും ഇടതുമുന്നണിയും വോട്ട് വർദ്ധിപ്പിച്ചപ്പോൾ ബിജെപിക്ക് വൻ ഇടിവാണ് ഉണ്ടായത്. ചേലക്കരയിലാകട്ടെ ബിജെപിയും കോൺഗ്രസും വോട്ട് വർദ്ധിപ്പിച്ചപ്പോൾ സിപിഎമ്മിന് വൻ ഇടിവുണ്ടായി
ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനും പരാജയത്തിനും പിന്നാലെ ചേലക്കരയിലും പാലക്കാടും മൂന്നു മുന്നണികൾക്കും കിട്ടിയ വോട്ട് നോക്കുമ്പോൾ ചിത്രം ഇങ്ങനെ. ഇരുമുന്നണികളും സീറ്റ് നിലനിർത്തിയെങ്കിലും പാലക്കാട് കോൺഗ്രസും ഇടതുമുന്നണിയും വോട്ട് വർദ്ധിപ്പിച്ചപ്പോൾ ബിജെപിക്ക് വൻ ഇടിവാണ് ഉണ്ടായത്. ചേലക്കരയിലാകട്ടെ ബിജെപിയും കോൺഗ്രസും വോട്ട് വർദ്ധിപ്പിച്ചപ്പോൾ സിപിഎമ്മിന് വൻ ഇടിവുണ്ടായി.
പാലക്കാടിന്റെ 2011 മുതലുള്ള കോൺഗ്രസ്സ് പാരമ്പര്യം പിന്തുടർന്ന് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ തന്റെ മുൻഗാമി ഷാഫി പറമ്പിലിനെക്കാൾ 4,310 വോട്ട് വർധിപ്പിച്ചു. ലോക്സഭയിലേക്ക് നാട്ടുകാരനായ വികെ ശ്രീകണ്ഠൻ നേടിയത് 52,779 ആണെന്നത് 'വരുത്തൻ' എന്ന് വിളി കേട്ട രാഹുൽ നേടിയ 58,389 വോട്ട് വിജയത്തിന്റെ പ്രഭ കൂട്ടുന്നു. 2016ൽ 17,483 വോട്ട് ഭൂരിപക്ഷം നേടിയപ്പോൾ ഷാഫി 57,559 വോട്ട് നേടിയിരുന്നു.
ബിജെപിക്ക് വേണ്ടി പാർട്ടിക്കതീതമായ വ്യക്തിത്വമായ ഇ ശ്രീധരൻ നേടിയ 50,220 വോട്ടിൽ നിന്ന് 10,680 വോട്ട് കുറവാണ് ഇത്തവണ സി കൃഷ്ണകുമാറിന് കിട്ടിയത്. 2016ൽ ശോഭാ സുരേന്ദ്രൻ നേടിയ 40,076 ലും താഴെയായി ഇത്തവണത്തെ 39,549. സി. കൃഷ്ണകുമാർ തന്നെ ഏഴ് മാസം മുമ്പ് ലോക്സഭയിലെക്ക് നേടിയ 43,072 വോട്ടിൽ നിന്നും താഴേക്ക് പോയതിന് സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും വോട്ട് ചോർച്ചയ്ക്ക് ഉത്തരം പറയേണ്ടി വരും.
advertisement
ഇടതു മുന്നണിക്ക് വേണ്ടി സി.പി പ്രമോദ് എന്ന സിപിഎം സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ നേടിയ 36,443 വോട്ടിനേക്കാൾ 860 കൂടുതൽ നേടാൻ സ്റ്റെതസ്ക്കോപ് ചിഹ്നത്തിൽ മത്സരിച്ച ഡോക്ടർ പി സരിന് (37,293) സാധിച്ചു. ഇടതുമുന്നണിയുടെ മുതിർന്ന നേതാവ് എ വിജയരാഘവൻ ലോക്സഭയിലേക്ക് നേടിയ 34640 നേക്കാൾ 2653 വോട്ട് കൂടുതൽ മുന്നണിയിലെ പുതുമുഖമായ സരിന് നേടാനായത് മുന്നണിക്ക് തന്നെ ആത്മവിശ്വാസം കൂട്ടുന്നതാണ്.
ചേലക്കര
തുടർച്ചയായ ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി പി എമ്മിന് ഒപ്പം ഉറച്ചു നിന്ന മണ്ഡലമാണ് ചേലക്കര. 1996 മുതൽ കഴിഞ്ഞ 28 വർഷത്തിനിടെ നടന്ന ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി പി എമ്മിന് ഒപ്പം. അഞ്ച് തവണ കെ രാധാകൃഷ്ണനും 2016 ൽ ഇപ്പോഴത്തെ സ്ഥാനാർഥി യു ആർ പ്രദീപും വിജയിച്ചു.
advertisement
കഴിഞ്ഞ തവണ കെ രാധാകൃഷ്ണൻ നേടിയ 83,415 വോട്ടിൽ നിന്നും 18,588 വോട്ടിന്റെ വൻ ഇടിവാണ് ഇത്തവണത്തെ 64,827. ഏഴുമാസം മുമ്പ് കെ രാധാകൃഷ്ണൻ തന്നെ ലോക്സഭയിലേക്ക് നേടിയ 60,368 നേക്കാൾ മെച്ചം ആണ് എന്ന് മാത്രം.
ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്‌ണൻ നേടിയ 33,609 ഇത് വരെ പാർട്ടി മണ്ഡലത്തിൽ നടത്തിയ മികച്ച പ്രകടനമാണ്. കഴിഞ്ഞ തവണത്തെ 24,045 നേക്കാൾ 9564 കൂടുതൽ. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മൂന്നാം തവണയാണ് വോട്ട് വർദ്ധിച്ചത്. ബിജെപി സ്ഥാനാർത്ഥികളിൽ ഒ രാജഗോപാലിന് ശേഷം ഒരാൾ ആദ്യമായാണ് ഉപതിരഞ്ഞെടുപ്പിൽവോട്ട് വർദ്ധിപ്പിക്കുന്നത്. ഒ. രാജഗോപാൽ
advertisement
2012 നെയ്യാറ്റിൻകരയിലും 2015 അരുവിക്കരയിലും ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബിജെപി വോട്ട് ഗണ്യമായി വർദ്ധിച്ചിരുന്നു. പാർട്ടിയുടെ എ ക്‌ളാസ് മണ്ഡലം എന്ന് വിലയിരുത്തുന്ന പാലക്കാട് 10000 ലേറെ വോട്ട് കുറഞ്ഞപ്പോഴാണിത് എന്നതും ശ്രദ്ധേയം. ഏഴുമാസം മുമ്പ് ഡോ. ടി എൻ സരസു നേടിയ 28,974 ലും മെച്ചപ്പെടുത്തിഎന്നതും എടുത്തു പറയണം.
ഏഴുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് രമ്യാ ഹരിദാസിനെ ചേലക്കരക്കാർ തോൽപ്പിക്കുന്നത്. എന്നാൽ നിയമസഭയിലേക്ക് സി സി ശ്രീകുമാർ നേടിയ 44,015 നേക്കാൾ മികച്ച പ്രകടനമാണ് രമ്യയുടെ ഇത്തവണത്തെ 52,626. അതായത് 8,611 കൂടുതൽ. പക്ഷെ അവർ തന്നെ ലോക് സഭയിലേക്ക് നേടിയ 55,195 ൽ എത്താൻ കഴിഞ്ഞില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 23, 2024 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിക്ക് പാലക്കാട് കുറഞ്ഞ പതിനായിരം ചേലക്കരയിൽ കൂടിയോ? മൂന്നു മുന്നണികൾക്ക് വോട്ട് കൂടിയതും കുറഞ്ഞതും