മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തില്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ നിയന്ത്രണത്തിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ നടപടിയെടുത്തത്.
ഞായറാഴ്ച വൈകിട്ട് മറ്റൂരിലായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശി ശരത്തിന് പൊലീസിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ശരത്തിന്‍റെ നാല് വയസ് പ്രായമുള്ള കുഞ്ഞിന് ശക്തമായ പനി അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ പൊലീസ് ഇതിന് അനുവദിച്ചില്ല.
advertisement
പൊലീസ് ഉദ്യോഗസ്ഥന്‍റെ നിർദ്ദേശം പാലിച്ച് ഒരു കിലോമീറ്റർ ദൂരം പോയി നോക്കിയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ശരത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 14, 2023 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ്