IAS മല്ലു ഹിന്ദു ഗ്രൂപ്പ്: റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക്; ഫോൺ ഹാക്ക് ഇല്ല; കെ. ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടിക്ക് സാധ്യത
- Published by:Rajesh V
- news18-malayalam
Last Updated:
ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത
തിരുവനന്തപുരം: ഐഎഎസ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലുമുള്ളത്.
തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ പരാതി പൊലീസ് തള്ളിയിരുന്നു. ഫോറൻസിക് പരിശോധനയിലോ മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡിജിപിക്ക് നൽകിയത്. ഫോണുകള്‍ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തൽ ഗോപാലകൃഷ്ണന് തിരിച്ചടിയാകും.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണന് കുരുക്കായി മാറിയിരിക്കുകയാണ് പൊലീസ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ രണ്ടു ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഒന്നിലേറെ തവണ ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാൽ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നൽകിയ വിശദീകരണം. രണ്ടു റിപ്പോർട്ടുകളും ഫലത്തിൽ ഗോപാലകൃഷ്ണന്റെ വാദം തള്ളുന്നതാണ്.
advertisement
ഹാക്കിങ് തെളിയണമെങ്കിൽ ഫോണുകള്‍ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. പരാതിക്കാരൻ തന്നെ ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണർ ഡിജിപിയെ അറിയിച്ചത്. ഹാക്കിങ് നടന്നതിന് തെളിവില്ലാത്തിനാൽ എന്താണ് സംഭവിച്ചതെന്ന് ഇനി രേഖമൂലം വിശദീകരിക്കേണ്ടത് കെ ഗോപാലകൃഷ്ണനാണ്. അതിന് ശേഷം സർക്കാർ തുടർ നടപടിയിലേക്ക് നീങ്ങും.
ഹാക്കിങ് അല്ലെന്ന് തെളിഞ്ഞതോടെ ഗോപാലകൃഷണൻ തന്നെ ഗ്രൂപ്പുകളുണ്ടാക്കിയെന്ന രീതിയിലാണ് കാര്യങ്ങൾ. മതത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വേർതിരിച്ച് ഗ്രൂപ്പുണ്ടാക്കിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമായതിനാൽ നടപടി വേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 09, 2024 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
IAS മല്ലു ഹിന്ദു ഗ്രൂപ്പ്: റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക്; ഫോൺ ഹാക്ക് ഇല്ല; കെ. ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടിക്ക് സാധ്യത