തിരുവനന്തപുരം: പ്രേം നസീറിന്റെ (Prem Nazir)ചിറൻകീഴിലെ വീടും സ്ഥലവും സൗജന്യമായി തന്നാൽ സർക്കാർ സംരക്ഷിക്കാമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. വിലയ്ക്കെടുക്കുന്നത് സർക്കാർ കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി ന്യൂസ് 18നോട് പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലയിൽ ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് 50 സെന്റ് സ്ഥലത്താണ് പ്രേം നസീറിന്റെ 'ലൈല കോട്ടേജ്' എന്ന വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലയിലായി 8 മുറികളാണ് വീടിലുള്ളത്. ചിറയൻകീഴിലെ ആദ്യ ഇരുനില വീടാണിത്. പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്. Also Read-പ്രേം നസീറിന്റെ വീട് വിൽക്കുന്നില്ല; മാധ്യമ വാർത്തകൾ തെറ്റെന്ന് താരത്തിന്റെ ഇളയസഹോദരി
പ്രേംനസീറിന്റെ ഇളയ മകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 'ലൈല കോട്ടേജ്' എന്ന വീട് നിലവിലുള്ളത്. 1956 ലാണ് പ്രേം നസീർ ഈ വീട് പണിതത്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കുന്നത് ബുദ്ധിമുട്ടായതോടയാണ് വിൽക്കാൻ തീരുമാനിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് പ്രേം നസീറിന്റെ ഇളയ സഹോദരി അനീസ ബീവി രംഗത്തെത്തി.
പ്രേംനസീറിന് ഇളയമകൾ റീത്തയുടെതാണ് വീട്. റീത്തയോട് ഫോണിൽ താൻ വിവരം തിരക്കിയപ്പോൾ അവർ ആരും തന്നെ ഇത്തരത്തിൽ വാർത്ത നൽകിയതായി അറിഞ്ഞില്ല എന്നാണ് പറഞ്ഞതെന്നും അനീസ ബീവി വ്യക്തമാക്കി.
വർഷങ്ങൾക്കു മുമ്പ് റീത്തയുടെ മകൾക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിൻകീഴിലെ വീടുവിൽക്കാൻ ആലോചിച്ചിരുന്നു. എന്നാൽ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവിൽ വീട് വിൽക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സർക്കാരിന് ആവശ്യമെങ്കിൽ ഈ തുക നൽകി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.