ജോസ് കെ മാണി ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമാണെന്നും സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദുഃഖിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെ എം മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിൽക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Also Read- കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി
കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Also Read- ജോസ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകി ക്രൈസ്തവ മേഖലകളിലെ സ്വാധീനം ഉറപ്പിക്കാൻ സിപിഎം
മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.
Also Read- 2016 ൽ എന്ത് സംഭവിച്ചു? കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമ്പോൾ കണക്കുകൂട്ടലുകൾ എന്തൊക്കെ?
കര്‍ഷകര്‍ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കര്‍ഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ ഈ സമരത്തില്‍ അണിചേരുകയാണ് വേണ്ടത്. കര്‍ഷകരെ വര്‍ഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
കെ എം മാണിക്കൊപ്പം ഉമ്മൻചാണ്ടി അടക്കമുള്ള ആന്റണി നേതൃത്വം നൽകിയ കോൺഗ്രസ് (യു)വും ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. 1982ലാണ് കെ എം മാണി ഇടതുപക്ഷത്ത് നിന്ന് യുഡിഎഫിലെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Cpm, Jose K Mani, Kerala congress, Kerala congress m, Ldf, Mani c kappan, Ncp, Oommen Chandy, P j joseph, Pala, Pj joseph, Udf