തിരുവനന്തപുരം:
ലൈഫ് മിഷൻ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിൽ പ്രതികരണവുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സിബിഐ അന്വേഷണം ക്രമക്കേട് സംബന്ധിച്ച സത്യാവസ്ഥയും യാഥാർത്ഥ്യവും പുറത്തുകൊണ്ടു വരുമെന്നാണ് പ്രതീക്ഷ.
ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടു തന്നെ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
ലൈഫ് മിഷൻ ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. ഏറെ വൈകിയാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി
ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് നിജസ്ഥിതി പുറത്തു വരട്ടെ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
ഇതിനിടെ വിദേശ സഹായാം സ്വീകരിച്ചതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും എഫ്.ഐ.ആറിൽ സി.ബി.ഐ വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ സി.ഇ.ഒ സർക്കാർ പ്രതിനിധിയാണ്. അതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സി.ബി.ഐ നിരീക്ഷിക്കുന്നു.
അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സർക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതിൽ സർക്കാരിന് ബാദ്ധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്.
കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ
വിദേശ ധനസഹായം സ്വീകരിച്ചുവെന്ന കേസിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാതാക്കളായ യൂണിടാക് ബിൽഡേഴ്സിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. സ്ഥാപനത്തിന്റെ ഓഫീസിൽ ഇന്നലെ പരിശോധനയും നടത്തി. കേസിൽ ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുളള ലൈഫ് മിഷൻ ഓഫീസിലും വൈകാതെ പരിശോധന ഉണ്ടാകുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.