• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Congress | കേരള കോൺഗ്രസ്‌ (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി

Kerala Congress | കേരള കോൺഗ്രസ്‌ (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി

എംപി സ്ഥാനം രാജിവെക്കുമെന്ന് ജോസ് കെ മാണി.

ജോസ് കെ മാണി

ജോസ് കെ മാണി

 • Share this:
  കോട്ടയം: ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ജോസ് കെ മാണി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ രണ്ടുതവണ യുഡിഎഫ് വിട്ട കേരള കോൺഗ്രസ് എം 38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് ഇടതുമുന്നണിയുമായുള്ള സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. 1982ൽ ഇടതുപക്ഷത്ത് നിന്ന് യുഡിഎഫിലെത്തിയ കേരള കോൺഗ്രസ് 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് യുഡിഎഫ് വിട്ടത്. പിന്നീട് സ്വതന്ത്രമായി നിന്ന പാർട്ടി 2018ഓടെ വീണ്ടും യുഡിഎഫിലെത്തി. ജോസഫ് പക്ഷവുമായുള്ള ഭിന്നതയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങൾക്കും പിന്നാലെയാണ് ജോസ് പക്ഷം യുഡിഎഫിന് പുറത്താകുന്നത്.

  Also Read- ജോസ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകി ക്രൈസ്തവ മേഖലകളിലെ സ്വാധീനം ഉറപ്പിക്കാൻ സിപിഎം

  ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും നിലപാട് പ്രഖ്യാപിച്ചുകൊണ്ട്  ജോസ് കെ മാണി പറഞ്ഞു. മാണിക്കൊപ്പം നിന്ന എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. ഇതിനിടെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമിച്ചു. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിക്കുന്നു.

  Also Read- നാലു ജില്ലകളിൽ സമഗ്രാധിപത്യം; തുടർഭരണം; ജോസ് കെ. മാണി വരുമ്പോൾ സിപിഎം കണക്കുകൂട്ടൽ

  ''ഒക്ടോബർ 9ന് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടിയിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ജൂൺ 29നാണ് യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കിയത്. അന്ന് മുതൽ ഇന്ന് വരെ കേരളാ കോൺഗ്രസ് സ്വതന്ത്ര നിലപാടാണ് എടുത്തത്. കെഎം മാണി സാറാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്. കേരളാ കോൺഗ്രസ് ഇനി അതിൽ തുടരാൻ അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ സ്റ്റേറ്റ്‌മെന്റ് എഴുതി വായിച്ചത്. യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ജനവിഭാഗത്തെയുമാണ് അവർ അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്. തങ്ങളുടെ എംഎൽഎമാർക്ക് നിയമസഭയ്ക്കകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയും യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞപ്പോൾ പോലും യുഡിഎഫ് ഒരു ചർച്ചയ്ക്ക് പോലും തയാറായില്ല. യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ആണെങ്കിലും ഞാൻ പ്രതികരിച്ചിരുന്നില്ല. കെഎം മാണി അസുഖ ബാധിതൻ ആണ് എന്ന് അറിഞ്ഞ ഉടൻ പി.ജെ ജോസഫ് ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. പാലാ സീറ്റും, ചിഹ്നവും ആവശ്യപ്പെട്ടു. കെഎം മാണിയുടെ വീട് മ്യൂസിയം ആക്കണമെന്ന് വരെ പറഞ്ഞു. കേരളാ കോൺഗ്രസിനെ ഒരു പഞ്ചായത്തിന്റെ പേരിലാണ് യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്’.''- ജോസ് കെ മാണി പറഞ്ഞു.  ഇന്ന് രാവിലെ 9ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം എല്‍ഡിഎഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. തോമസ് ചാഴിക്കാടന്‍ എം പി, റോഷി അഗസ്റ്റിന്‍, പ്രൊഫ. എന്‍ ജയരാജ് എന്നീ എംഎല്‍എമാരുമാണ് ജോസ് കെ മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് പിതാവ് കെ എം മാണിയുടെ കല്ലറയില്‍ എത്തി ജോസ് കെ മാണി പ്രാര്‍ത്ഥിച്ചു. 9.40ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ മാണി, ഏറെ നാളായി കേരള രാഷ്ട്രീയം കാത്തിരുന്ന നിലപാട് പ്രഖ്യാപിച്ചത്. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

  Also Read- ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും ?

  തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലേയും സീറ്റുകളെ സംബന്ധിച്ച ധാരണയായതോടെയാണ് എല്‍ഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന യുഡിഎഫ് ആവശ്യവും അത്തരത്തിലൊരു ധാരണയില്ലെന്ന ജോസ് പക്ഷത്തിന്റെ നിലപാടുമാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എത്തിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
  Published by:Rajesh V
  First published: