HOME /NEWS /Kerala / Alphons Kannanthanam | കോവിഡ് മറച്ചുവച്ച്‌ അമ്മയുടെ സംസ്‌കാരം നടത്തി; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ആരോപണം

Alphons Kannanthanam | കോവിഡ് മറച്ചുവച്ച്‌ അമ്മയുടെ സംസ്‌കാരം നടത്തി; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ആരോപണം

അൽഫോൺസ് കണ്ണന്താനം

അൽഫോൺസ് കണ്ണന്താനം

കണ്ണന്താനത്തോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന അമ്മ ബ്രിജിത് ജൂൺ 10നാണ് അന്തരിച്ചത്.

  • Share this:

    തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ. കോവിഡ് ബാധിച്ച് അമ്മ മരിച്ചെന്ന വിവരം മറച്ചുവച്ച് മൃതദേഹം ഡൽഹിയിൽ നിന്നും നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയെന്നാണ് ജോമോന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോമോൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം മരണത്തിന് മുൻപ് രണ്ടു തവണ നടത്തിയ കോവിഡ് പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നെന്ന് കണ്ണന്താനം വ്യക്തമാക്കി.

    അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് കഴിഞ്ഞദിവസമാണ് വീഡിയോയിലൂടെ കണ്ണന്താനം വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് ജോമോൻ ആരോപണവുമായി രംഗത്തെത്തിയത്.

    കണ്ണന്താനത്തോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന അമ്മ ബ്രിജിത് ജൂൺ 10നാണ് അന്തരിച്ചത്. ന്യൂമോണിയെ തുടര്‍ന്ന് മേയ് 29 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ജൂണ്‍ അഞ്ചിനും പത്തിനും നടത്തിയ പരിശോധനകളിൽ കോവിഡ് നെഗറ്റീവായിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും കണ്ണന്താനം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ഡൽഹിയിൽ നിന്നും അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് മണിമലയില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് സംസ്‌കാരിച്ചത്. ഈ സമയത്തെല്ലാം  അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന കാര്യം കണ്ണന്താനം മറച്ചുവച്ചെന്നാണ് ജോമോന്‍ ആരോപിക്കുന്നത്.

    ജോമോന്റെ കുറിപ്പിന്റെ പൂർണരൂപം:

    ” ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ കണ്ണന്താനം തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂണ്‍ 10 ന് ഡല്‍ഹിയിലെ ആശുപത്രിയിലാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്.

    അതിന് തൊട്ട്മുന്‍പ് കുറേ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോള്‍ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു.

    2020 ജൂണ്‍ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയില്‍ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. അന്ന് സംസ്‌കാര ചടങ്ങില്‍ തിരുവനന്തപുരത്തുനിന്ന് ഞാന്‍ മണിമലയില്‍ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു.

    കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിമാനമാര്‍ഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച് സംസ്‌കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.’

    ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തില്‍ ഒരു സംസ്‌കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്റെ അമ്മയുടെ ഓര്‍മയില്‍ ‘മദേര്‍സ് മീല്‍’ എന്ന ചാരിറ്റിയുടെ പേരില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയില്‍ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അല്‍ഫോന്‍സ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.”

    First published:

    Tags: Corona, Corona India, Corona Kerala, Corona News, Corona outbreak, Corona virus, Coronavirus, Coronavirus symptoms, Coronavirus update, Covid 19, Kannamthanam, Virus