തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിൻ്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പുറത്തി. അദീപിന്റെ  യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതിൻ്റെ രേഖകളാണ് പുറത്തുവന്നത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്.  യോഗ്യതയില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ പൊതുഭരണ സെക്രട്ടറിക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദീപ് അഭിമുഖത്തില്‍ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read ബന്ധു നിയമനം: കെ ടി ജലീൽ കുറ്റക്കാരൻ; മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല: ലോകായുക്ത

013 ജൂണ്‍ 29-നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്. ഇത് തിരുത്തി ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ എച്ച്.ആര്‍./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് അദീപിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം.

Also Read ജലീൽ ഏറ്റവും കൂടുതൽ കള്ളം പറഞ്ഞ മന്ത്രി: പി.കെ. ഫിറോസ്

ഒരു തസ്തികയുടെ യോഗ്യതകള്‍ പരിഷ്‌കരിക്കാന്‍ നടപടിക്രമങ്ങളുണ്ട്. ബന്ധപ്പെട്ട വകുപ്പില്‍നിന്നുണ്ടാകുന്ന നിര്‍ദേശങ്ങള്‍ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണം. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതാ പരിഷ്‌കാരത്തിനുള്ള ശുപാര്‍ശ തയ്യാറാക്കേണ്ടത്. ഇതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അനുമതി വേണം. പി.എസ്.സിക്കു വിട്ട തസ്തികയാണെങ്കില്‍ പി.എസ്.സിയുമായും കൂടിയാലോചന നടത്തണം. ഇതെല്ലാം ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.

ആർബിഐ ഷെഡ്യൂൾ പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യബാങ്കായതിനാൽ മുമ്പ് നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷവകുപ്പിലെ അഡീഷനൽ സെക്രട്ടറി 28--9- 2018നെഴുതി. പിന്നാലെ വീണ്ടും ജലീൽ ഇടപെടൽ ഉണ്ടായി. സംസ്ഥാന ധനകാര്യവികസന കോർപ്പറേഷൻ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്. അദീബിൻ്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്ക് അനുമതി നൽകിയതിനാൽ അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ 28-9-18ന്  ജലീലിൻ്റെ നിര്‍ദ്ദേശം. മന്ത്രി നിലപാട് കടുപ്പിച്ചതോടെ എതിർപ്പ് ഉയർത്തിയ ഉദ്യോഗസ്ഥർ പിൻവാങ്ങി. പിന്നാലെ അദീപിനറെ നിയമിച്ച് ഉത്തരവിറക്കി. നിയമന ഫയലിലെ ജലീലിൻ്റെ ഈ ഇടപെടലുകളടക്കം പരിശോധിച്ചാണ് ലോകായുക്ത സ്വജനപക്ഷപാതം നടന്നെന്നും മന്ത്രിയെ പുറത്താക്കണമെന്നുമുള്ള നിർണ്ണായക ഉത്തരവിറക്കാൻ കാരണം.