കോഴിക്കോട്: കെ.ടി. ജലീല്‍ മന്ത്രിയെന്ന നിലയില്‍ കൈപറ്റിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചടച്ച് കേരളീയ പൊതു സമൂഹത്തോട് മാപ്പുപറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.
അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാ ലംഘനം, സ്വജനപക്ഷപാതം തുടങ്ങിയവ നടത്തിയ കെ.ടി. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്തയുടെ ഉത്തരവ് മുസ്‌ലിം യൂത്ത് ലീഗിന്റെ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരവും നീതിയുടെ വിജയവുമാണ്.
മുസ്‌ലിം യൂത്ത് ലീഗ് കയ്യോടെ പിടികൂടി പൊതുസമൂഹത്തില്‍ വിഷയം എത്തിച്ചപ്പോള്‍ ഉണ്ടയില്ലാ വെടിയെന്നാണ് ജലീല്‍ പരിഹസിച്ചത്.
നിയമവും ചട്ടവും ലംഘിച്ച് യോഗ്യതയില്ലാഞ്ഞിട്ടും നിയമിച്ച പിതൃസഹോദര പുത്രനെ രാജിവെപ്പിച്ച് കൈപറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടക്കുന്നതാണ് പിന്നീട് കണ്ടത്. മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കള്ളന് രക്ഷപ്പെടാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
അഞ്ചു വര്‍ഷം കൊണ്ട് ഏറ്റവുമധികം കള്ളങ്ങള്‍ പറഞ്ഞ മന്ത്രിയായ കെ.ടി. ജലീല്‍ സ്വയം വിശുദ്ധനായി ചമയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഈത്തപഴത്തിന്റെയും മറ്റും മറവില്‍ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ വന്നപ്പോഴെല്ലാം കവിതകളും ഉപമകളും കള്ളങ്ങളും കൊണ്ട് പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. വസ്തുതാപരമായി മറുപടി പറയുന്നതിന് പകരം പാണക്കാട്ടു നിന്നല്ല മന്ത്രിയാക്കിയതെന്ന് ആക്രോശിച്ച ജലീലിന് ഭരണഘടനാ സ്ഥാപനമായ ലോകായുക്ത അയോഗ്യമാക്കിയതിനെ കുറിച്ച് എന്താണ് പറയാനുളളത്. വിജിലന്‍സില്‍ നല്‍കിയ പരാതി പോലും അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് അട്ടിമറിച്ചവര്‍ക്ക് കാലം കാത്തുവെച്ച പ്രഹരമാണ് ലോകായുക്ത വിധി. അയോഗ്യനാക്കപ്പെട്ട കെ.ടി ജലീല്‍ തന്റെ കുറ്റം ഏറ്റുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ബന്ധു നിയമനം: കെ. ടി. ജലീൽ കുറ്റക്കാരൻബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാനെന്ന് ലോകായുക്ത. മന്ത്രി പദവിയിൽ ഇരുന്ന് ജലീൽ സ്വജനപക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ജലീലിന്റെ വാദങ്ങൾ തള്ളിയാണ് കേസിൽ ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യത ഇല്ലാത്ത ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെ.ടി. അദീപിനെനിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.
വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തു നിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: P.K. Firos blasts Minister K.T. Jaleel, who was found guilty in nepotism-related case
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.