കള്ളവോട്ട് ആരോപണം: ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
- Published by:Naseeba TC
- news18-malayalam
Last Updated:
വോട്ടർ പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷനേതാവായിരിക്കും. അതുകൊണ്ടാകും കള്ള വോട്ടിന്റെ കൃത്യമായ കണക്ക് ചെന്നിത്തലയ്ക്ക് പറയാൻ സാധിച്ചതെന്നും കടകംപള്ളി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ കള്ളവോട്ട് ആരോപണത്തിൽ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വോട്ടർ പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷനേതാവായിരിക്കും. അതുകൊണ്ടാകും കള്ള വോട്ടിന്റെ കൃത്യമായ കണക്ക് ചെന്നിത്തലയ്ക്ക് പറയാൻ സാധിച്ചതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംഘടിത ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. വോട്ടർ പട്ടികയിൽ വ്യാപക കള്ളവോട്ട് ചേർക്കുന്നതായും ഒരു വ്യക്തിക്ക് ഒന്നിലധികം വോട്ടിങ് ഐ ഡി ലഭിക്കുന്ന സാഹചര്യം ഉള്ളതായും രമേശ് ചെന്നിത്തല ആരോപിച്ചു.
കഴക്കൂട്ടത്ത് മാത്രം 4506 കള്ള വോട്ടർമാരുണ്ടെന്ന കണക്കും ചെന്നിത്തല പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്. വോട്ടർപട്ടികയിൽ കള്ളവോട്ട് ചേർത്തത് രമേശ് ചെന്നിത്തല ആയിരിക്കും എന്നാണ് കടകംപള്ളി സുരേന്ദ്രൻ തിരിച്ചടിച്ചത്.
advertisement
4506 എന്ന കണക്ക് ചെന്നിത്തലയ്ക്ക് അവതരിപ്പിക്കാൻ സാധിച്ചത് അതുകൊണ്ടായിരിക്കും. പ്രതിപക്ഷനേതാവ് ഇത്രയും വില കുറഞ്ഞ രീതിയിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,
ശബരിമല വിഷയം എതിർ സ്ഥാനാർത്ഥികൾ പ്രചരണായുധം ആക്കുന്നതിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ശബരിമല വിഷയത്തിൽ പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ആയിരുന്നു മന്ത്രിയുടെ നിലപാട്. തനിക്ക് വികസനപ്രവർത്തനങ്ങളിൽ ആണ് താല്പര്യം.
advertisement
പ്രചരണത്തിന്റെ ഭാഗമായി ജനങ്ങളുമായി ബന്ധപ്പെടുമ്പോൾ ഇടതു സർക്കാരിന്റെ വികസനത്തെക്കുറിച്ചാണ് എല്ലാരും പറയുന്നത്. ഇടത് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകും. പിണറായി സർക്കാർ വീണ്ടും വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും കടകംപള്ളി പറഞ്ഞു.
കള്ളവോട്ടിൽ ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കള്ളവോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റൽ സംവിധാനത്തിൽ ഇത് വളരെ വേഗം കണ്ടെത്താനാവുമെന്നും ചെന്നിത്തല പറഞ്ഞു. കഴക്കൂട്ടത്ത്- 4506, കൊല്ലം-2534, തൃക്കരിപ്പൂർ - 1436, കൊയിലാണ്ടി - 4611, നാദാപുരം - 6171, കൂത്തുപറമ്പ് - 3523, അമ്പലപ്പുഴ - 4750 വോട്ടുകൾ ഇത്തരത്തിൽ കണ്ടെത്തിയെന്നായിരുന്നു കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2021 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളവോട്ട് ആരോപണം: ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ